കോടികള്‍ മുടക്കിയിട്ടും ഫലമില്ല, ഒടുവില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വിജയപാതയിലെത്തി മൂന്നാര്‍

മൂന്നാര്‍ ടൗണില്‍ നിന്നും എത്തുന്ന ജൈവ അജൈവമാലിന്യങ്ങള്‍ രണ്ടായി തരംതിരിച്ച് വില്പന നടത്തിയും വളമാക്കിയുമായുമാണ് പഞ്ചായത്ത് പദ്ധതി ലാഭകരമാക്കുന്നത്. ആറുമാസത്തിനിടെ നാലുലക്ഷത്തോളം രൂപയാണ് മാലിന്യങ്ങളില്‍ നിന്നും പഞ്ചായത്ത് സമാഹരിച്ചത്.

finally Munnar Grama Panchayath finally successful in waste management

കോടികള്‍ മുടക്കിയിട്ടും ഫലം കാണാതിരുന്ന മാലിന്യനിര്‍മ്മാര്‍ജ്ജനം ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ വിജയത്തിലെത്തിച്ച് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. മൂന്നാര്‍ ടൗണില്‍ നിന്നും എത്തുന്ന ജൈവ അജൈവമാലിന്യങ്ങള്‍ രണ്ടായി തരംതിരിച്ച് വില്പന നടത്തിയും വളമാക്കിയുമായുമാണ് പഞ്ചായത്ത് പദ്ധതി ലാഭകരമാക്കുന്നത്. ആറുമാസത്തിനിടെ നാലുലക്ഷത്തോളം രൂപയാണ് മാലിന്യങ്ങളില്‍ നിന്നും പഞ്ചായത്ത് സമാഹരിച്ചത്. യു.എന്‍.ഡി.പി, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സ്വച്ച് ഭാരത് മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി മൂന്നാര്‍ പഞ്ചായത്ത് വിജയിപ്പിച്ചിരിക്കുന്നത്. പൊതുജനപങ്കാളിത്തത്തോടെ ഗ്രീന്‍ മൂന്നാര്‍, ക്ലീന്‍ മൂന്നാര്‍ പേരിലുള്ള കാമ്പയിന്‍ വഴി ഏറെ നാളുകളെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 

മൂന്നാറിലെ കല്ലാറിലുള്ള മാലിന്യസംസ്‌കാരണത്തിനായി കോടികള്‍ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ഏറെ പ്രതീക്ഷയോടെ ആരംഭിക്കുന്ന പദ്ധതികള്‍ ചുരുക്ക കാലത്തിനുള്ളില്‍ തന്നെ പരാജയപ്പെട്ടപ്പോഴാണ് കൃത്യമായ ആസൂത്രണവും ദിശാബോധവും വഴി പദ്ധതി വിജയത്തിലെത്തിക്കാനുള്ള വഴികള്‍ പഞ്ചായത്ത് തേടിയത്. മൂന്നാറില്‍ സന്ദര്‍ശനത്തിന് എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഒരിടം മാത്രമായി കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രം മാറിയപ്പോള്‍ മൂന്നാറിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം തദ്ദേശഭരണകൂടത്തിന്റെ ഏറ്റവും വലിയ തലവേദനയായി മാറുകയും ചെയ്തു. 

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ പഞ്ചായത്തിനെതിരെ പൊതുജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള ആരോപണങ്ങള്‍ കേട്ടു തുടങ്ങിയതോടെയാണ് പഞ്ചായത്ത് ഏതു വിധേയനും പദ്ധതി ഫലപ്രാപ്തിയിലെത്തിക്കുവാനുള്ള ആലോചനകള്‍ക്ക് തുടക്കം കുറിച്ചത്. പൊതുജനങ്ങളുടെ സഹകരണമില്ലാതെ പദ്ധതി വിജയത്തിലെത്തിക്കാനാവില്ലെന്ന് മനസ്സിലാക്കിയ തദ്ദേശ ഭരണകൂടം ഓരോ വീടിലും എത്തി ആവശ്യമായ ബോധവത്കരണം നല്‍കുവാന്‍ ആരംഭിച്ചത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പ്രദേശവാസികള്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് തന്നെ മാലിന്യങ്ങള്‍ കൃത്യമായ സ്ഥലങ്ങളില്‍ നിക്ഷേപിക്കാനുള്ള നീക്കമാണ് പഞ്ചായത്ത് ആദ്യം നടത്തിയത്. 

അത് പഞ്ചായത്ത് തന്നെ ശേഖരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും മുഖം നോക്കാതെ നടപടി എടുത്തു തുടങ്ങിയതോടെ മാലിന്യശേഖരണം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനായി. ഇതിലൂടെ തരം തിരിക്കാതെ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന അവസ്ഥ ഒഴിവാക്കാനായി. ഈ മാതൃക ഒരു ശീലമായി മാറുന്നതിന് അല്പകാലം വേണ്ടി വന്നെങ്കിലും കൂടുതല്‍ ഫലപ്രദമായതോടെ വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു ഹരിത കര്‍മ്മ സേന രൂപീകരിച്ചു. ഇത് പദ്ധതിക്ക് കൂടുതല്‍ ദിശാ ബോധം നല്‍കി. 

ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിച്ചു നല്‍കുവാനുള്ള നിര്‍ദ്ദേശം പതിയെ പൊതുജനങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയതോടെ തദ്ദേശഭരണകൂടത്തിന് കൂടുതല്‍ ആവേശമായി. സ്ഥാപനങ്ങളില്‍ നിന്നും വീടുകളിള്‍ നിന്നും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പഞ്ചായത്ത് മാസം തോറും ഒരു നിശ്ചിത തുക ഈടാക്കി തുടങ്ങിയുവഴി മാലിന്യിര്‍മ്മാര്‍ജ്ജനം തങ്ങളുടെയും കൂടി ഉത്തരവാദിത്വമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞു. കല്ലാറിലെ മാലിന്യ സംസ്‌കരണത്തിലെത്തുന്ന മാലിന്യങ്ങള്‍ തദ്ദേശഭരണകൂടത്തിന് എങ്ങനെ ലാഭകരമായി മാറ്റാമെന്നുള്ള ചിന്തയാണ് മാലിന്യനിര്‍മ്മാര്‍നം കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നുള്ള ചിന്തയിലേക്ക് പഞ്ചായത്തിനെ നയിച്ചത്. ഇതിനായി കേരളത്തിലെ തന്നെ ഏറ്റവും മികച്ച മാലിന്യനിര്‍മ്മാര്‍ജ്ജന വിദഗ്ദ യൂണിറ്റ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററുമായി ധാരണയിലേര്‍പ്പെട്ടതോടെ പദ്ധതിക്ക് കൂടുതല്‍ വ്യക്തത വന്നു. 

മാലിന്യങ്ങള്‍ ലാഭകരമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വ്യാപാര സ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ടണ്‍കണക്കിനുള്ള അഴുകിയ പച്ചക്കറികള്‍ ജൈവവളമായി മാറ്റാനുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കിയത്. അതനുസരിച്ച് കണ്‍വേയറിലൂടെ കടത്തി വിടുന്ന പച്ചക്കറി മാലിന്യത്തെ ഇനോക്കുലം കൂട്ടിച്ചേര്‍ത്ത് നിലത്ത് ബെഡുകളാക്കുന്നു. പത്തു ദിവസമെത്തുമ്പോള്‍ വീണ്ടും കിളച്ച് ഇളക്കിയിടുന്നു. വീണ്ടും പത്തു ദിവസം കഴിയുമ്പോള്‍ അതിനെ അരിച്ചെടുത്ത് ഗുണനിലവാരമുള്ള ജൈവവളമാക്കി മാറ്റുന്നു. ഈ ജൈവവളത്തെ പ്രത്യേക സഞ്ചികളില്‍ നിറച്ച് വിപണികളില്‍ എത്തിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. 

ഇതിന്റ വിപണന ഉദ്ഘാടനം 17 ാം തിയതി മന്ത്രി നിര്‍വ്വഹിക്കും. രണ്ടു ടണ്ണോളം ജൈവവളം ഇതു വരെ ഉല്പാദിപ്പിച്ചു കഴിഞ്ഞു. ഇതിലൂടെ വലിയ ലാഭം കൊയ്യാമെന്നത് പഞ്ചായത്തിന് നല്‍കുന്ന ആവേശം ചെറുതല്ല. വിവിധയിനം പ്ലാസ്റ്റിക്കുകളെ തോതനുസരിച്ച് തരം തിരിച്ച് വീണ്ടും പുനരുപയോഗിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചെടുക്കുന്ന പദ്ധതിയും വിജയമായി കഴിഞ്ഞു. പ്ലാസ്റ്റിക് കുപ്പികളും കവറുകളുമെല്ലാം ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത് ഉപയുക്തമായ വസ്തുക്കളായി മാറ്റാമെന്നുള്ളതും അതു വഴി വരുമാന സ്രോതസ്സ് കണ്ടെത്താമെന്നും പദ്ധതിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. ചുരുങ്ങിയ നാളുകള്‍ കൊണ്ടു തന്നെ അതിലൂടെ നാലു ലക്ഷം രൂപയുടെ ലാഭം കൊയ്യാന്‍ സാധിച്ചത് വലിയ നേട്ടമായി. വേര്‍തിരിച്ചെടുക്കുന്ന മാലിന്യങ്ങളില്‍ നിന്ന് കൂടുതല്‍ പ്രയോജനകരങ്ങളായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതികളും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios