ഒടുവില്‍ മഹാരാജനെ കണ്ടെത്തി; രക്ഷാ പ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന് ബാബുവും കൂട്ടുകാരും
പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തിൽപ്പെട്ടത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാൽ യന്ത്രസഹായം തേടുന്നതിനും പരിമിതിയായിരുന്നു. ഈ അവസരത്തിലാണ് വിദഗ്ധ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.
തിരുവനന്തപുരം: രണ്ട് പകലും രണ്ട് രാത്രിയും പിന്നിട്ട് രക്ഷാ ദൗത്യത്തിനൊടുവില്‍ വിഴിഞ്ഞത്ത് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ കണ്ടെത്തി. 45 മണിക്കൂർ പിന്നിടുന്ന രക്ഷാദൗത്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും വിദഗ്ധ തൊഴിലാളികളുമാണ് പങ്കാളിയായത്. കിണറില്‍ തൊഴിലാളി അകപ്പെട്ടതിന് പിന്നാലെ ഓടിയെത്തിയത് നാട്ടുകാരായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായതോടെ കൊല്ലം സ്വദേശികളായ മൂന്നുപേരായിരുന്നു കിണറില്‍ ഇറങ്ങിയത്. കിണര്‍ നിര്‍മ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളായ ബാബു, ഷാജി, അജയൻ എന്നിവരായിരുന്നു അത്.
200 അടി വരെ ആഴമുള്ള കിണർ കുഴിച്ച് മുൻപരിചയം ഉള്ള സംഘത്തിന് വിഴിഞ്ഞത്തെ കിണർ വലിയൊരു വെല്ലുവിളി ആയിരുന്നില്ല. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നാട്ടുകാരാണ് ഇവർ. ഇദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമാണ് ഇവര്‍ മുക്കോലയിലേക്ക് പാഞ്ഞെത്തിയത്. വന്ന ഉടനെ തന്നെ ബാബുവും ഷാജിയും കിണറിൽ ഇറങ്ങി ജോലികൾ തുടങ്ങി. 10 മണിക്കൂറോളം കിണറിനുള്ളിൽ ഫയർഫോഴ്സിൻ്റെ സഹായത്തോടെ പലകകൾ അടിച്ച് മണ്ണ് നീക്കം ചെയ്തത്. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ഇനിയും ഏതു സമയത്തും എവിടെയും ഓടിയെത്തുമെന്ന് മുക്കോലയില്‍ കിണറിനുള്ളില്‍ കുടുങ്ങിയ മഹാരാജനെ പുറത്തെടുക്കാന്‍ ഓടിയെത്തിയ കൊല്ലം ആയൂര്‍ അമ്പലംകുന്ന് സ്വദേശികള്‍ പറയുന്നു.
ഭാര്യയുടെ കെട്ടുതാലി പണയം വെച്ച് ആണ് മുക്കോലയിൽ എത്തിയത് എന്ന് അജയൻ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം ലഭിച്ചാൽ എവിടെയും ഓടിയെത്താൻ തങ്ങൾ തയ്യാറാണ് എന്ന് മൂവരും പറയുന്നു. ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്.
പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തിൽപ്പെട്ടത്. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാൽ യന്ത്രസഹായം തേടുന്നതിനും പരിമിതിയായിരുന്നു. ഈ അവസരത്തിലാണ് വിദഗ്ധ തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം