പണത്തെ ചൊല്ലി വഴക്ക്, ബാറിൽ വച്ച് കണ്ടപ്പോൾ മൂത്തു; അടിപിടി, ബിയർ കുപ്പികൊണ്ട് തലക്കടി, മൂന്നുപേർ പിടിയിൽ
പളളിക്കരയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ കാക്കനാട് തെങ്ങോട് സ്വദേളികളായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
എറണാകുളം: പളളിക്കരയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ കാക്കനാട് തെങ്ങോട് സ്വദേളികളായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിനിടെ ബിയർ കുപ്പികൊണ്ട് പ്രതികൾ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെ മനയ്ക്കക്കടവ് ഹിൽഹൈറ്റ് ബൈറിലാണ് സംഭവം.
മദ്യപിച്ച ശേഷം രണ്ട് സംഘങ്ങൾ തമ്മിലുളള വഴക്കാണ് സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീണ്ടത്. പളളിക്കര സ്വദേശികളായ ബിനോയ്, ജോമോൻ, മാത്തച്ചൻ എന്നിവർക്കായിരുന്നു പരിക്കേറ്റത്. ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ ബിനോയിയെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഈ സംഭവത്തിലാണ് കാക്കനാട് തെങ്ങോട് സ്വദേശി ഷാൻ, വെസ്റ്റ് മോറക്കാല സ്വദേശി വിനീഷ് ചന്ദ്രൻ, മനയ്ക്കക്കടവ് സ്വദേശി രാകേഷ് എന്നിവർ പിടിയിലായത്.
സംഭവത്തിനുശേഷം പ്രതികൾ ഒളിവിലായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചു. തുടർന്ന് തൃപ്പൂണിത്തുറയിൽവെച്ചാണ് പ്രതികൾ പിടിയിലായതെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു. പണത്തെച്ചൊല്ലി ഈ രണ്ട് സംഘങ്ങളും തമ്മിൽ നേരത്തെ തന്നെ വഴക്ക് നടന്നിരുന്നു. ബാറിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഇതേച്ചൊല്ലി തർക്കിച്ചാണ് സംഘർഷത്തിലേക്ക് നീണ്ടത്.
അതേസമയം,കൊല്ലം അഞ്ചാലുംമൂട്ടിൽ ബാറിൽ ആക്രമണം നടത്തിയതിന് ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ച പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങി ബാര്‍ മാനേജറെ ക്രൂരമായി മര്‍ദ്ദിച്ച വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസിന് പരിക്കേറ്റിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കൂട്ട ആക്രമണം നടത്തിയത്.
രാത്രി പതിനൊന്ന് മണിക്കായിരുന്നു മര്‍ദ്ദനം. രാത്രി ഒന്‍പത് മണിക്ക് ബാറിൽ എത്തിയ പ്രതീഷും സുഹൃത്തും മറ്റ് രണ്ട് യുവാക്കളുമായി വാക്ക് തര്‍ക്കത്തിലായി. ബാറിലെ ഫ്രീസറും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതീഷിനേയും സുഹൃത്തിനേയും ബാര്‍ ജീവനക്കാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഒരുമണിക്കൂറിനകം സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ സംഘം ഗുണ്ടകളെ വിളിച്ചുകൂട്ടി ബാറിലെത്തി. സ്കൂട്ടറിൽ വരികയായിരുന്ന ബാര്‍ മാനേജര്‍ ഷിബുവിനെ നിലത്തിട്ട് ചവിട്ടി. തലയ്ക്കുൾപ്പെടെ ശരീരമാസകലം പരിക്കേറ്റ ഷിബു ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 25-നായിരുന്നു സംഭവം.