ഒന്നിച്ചു ജനിച്ച അമ്പത് മൂർഖൻ കുഞ്ഞുങ്ങൾ, അജേഷിന്റെ വീട്ടിലെ കൌതുകക്കാഴ്ച
വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരനാണ് പരിസ്ഥിതി പ്രവർത്തകനായ നെയ്യാറ്റിൻകര സ്വദേശി അജേഷ് ലാലു. നിരവധി പാമ്പുകളെ പിടികൂടി അജേഷ് വനംവകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും അമ്പത് പാമ്പിൻ കുഞ്ഞുങ്ങളെ ഒന്നിച്ച് കാണുന്നത് ഇതാദ്യം
തിരുവനന്തപുരം: വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരനാണ് പരിസ്ഥിതി പ്രവർത്തകനായ നെയ്യാറ്റിൻകര സ്വദേശി അജേഷ് ലാലു. നിരവധി പാമ്പുകളെ പിടികൂടി അജേഷ് വനംവകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും അമ്പത് പാമ്പിൻ കുഞ്ഞുങ്ങളെ ഒന്നിച്ച് കാണുന്നത് ഇതാദ്യം. ഒരാഴ്ച മുമ്പ് പിടികൂടിയ മൂർഖന്റെ അരികിൽ നിന്ന് കിട്ടിയ അമ്പത് മുട്ടകളാണ് അജേഷിന്റെ വീട്ടിൽ വിരിഞ്ഞത്. നെയ്യാറ്റിൻകര ഉണ്ടൻകോട്ടെ കുളത്തിന് സമീപത്ത് നിന്നാണ് അജേഷ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കുട്ടികൾ കളിക്കുന്നതിനിടെ പാമ്പിനെ കണ്ടതോടെ നാട്ടുകാർ അജേഷിനെ വിളിച്ച് വിവരം അറിയിച്ചു. അജേഷ് എത്തി പാമ്പിനെ പിടികൂടി വീട്ടിലെത്തിച്ചു.
പാമ്പിനെ മാത്രമല്ല അജേഷ് കുളത്തിനരികെ കണ്ടത്. പാമ്പിന് അരികിലായി കണ്ടെത്തിയ അമ്പത് മുട്ടകളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. തള്ള പാമ്പിനെ ഉടൻ തന്നെ വനംവകുപ്പിന് കൈമാറി. പാമ്പിൻ മുട്ടകൾ സൂക്ഷിക്കുകയും ചെയ്തു. വീടിന് മുന്നിൽ വനം വകുപ്പ് നൽകിയിട്ടുള്ള പ്രത്യേക പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ചാണ് പാമ്പിൻ മുട്ടകൾ സൂക്ഷിച്ചത്.
ഇന്ന് രാവിലെ ചാക്ക് തുറന്ന് നോക്കിയപ്പോഴാണ് മുട്ട വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. മുട്ടകളിൽ ഒന്ന് പോലും നശിച്ചിട്ടില്ല. അമ്പത് മുട്ടകളും വിരിഞ്ഞെന്നാണ് അജേഷ് പറയുന്നത്. അമ്പത് പാമ്പിൻ കുഞ്ഞുങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പാമ്പിൽ കുഞ്ഞുങ്ങളെ കാണാൻ നിരവധി പേർ അജേഷിന്റെ വീട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും
ഉടൻ തന്നെ ഇവയെ വനം വകുപ്പിന് കൈമാറും. പാമ്പുകളെ പിടികൂടുന്നതിൽ വിദഗ്ധനാണ് അജേഷ്. എത്ര പേടിപ്പിക്കുന്ന പാമ്പിനെയും സുരക്ഷിതമായി പിടികൂടും. പക്ഷെ ഇത്രയും പാമ്പിൻ മുട്ടകളെ ഒന്നിച്ച് അപൂർവമായാണ് കാണുന്നത് എന്ന് അജേഷ് പറയുന്നു.
പാമ്പിനെ പിടികൂടുന്ന സമയത്ത് കിട്ടുന്ന മുട്ടകൾ ഉപേക്ഷിച്ച് പോകാറില്ല. ഇങ്ങനെ വീട്ടിലെത്തിച്ച് വിരിയിക്കുന്നതാണ് അജേഷിന്റെ രീതി. എന്നിട്ട് സുരക്ഷിതമായി വനം വകുപ്പിന് കൈമാറും. വനംവകുപ്പ് നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷ മാനദണ്ഢങ്ങളും അനുസരിച്ച് പാമ്പിനെ പിടികൂടുന്നതാണ് അജേഷിന്റെ രീതി. പാമ്പിൻ കൂട്ടത്തെ ഉടൻ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പും അറിയിച്ചിട്ടുണ്ട്.