മകന്റെ ബൈക്ക് അടിച്ചു പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച അച്ഛനെ കുത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
നേരത്തെ കാപ്പ ചുമത്തി നാടുകടപ്പെട്ടിട്ടുള്ള ആളാണ് ഇപ്പോഴത്തെ കേസിലെ ഒന്നാം പ്രതി. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ്.
തിരുവനന്തപുരം: മധ്യവയസ്സിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പ കേസിലെ പ്രതി ഉൾപ്പെടെ അറസ്റ്റിൽ. കരിപ്പൂർ വില്ലേജിൽ നെയ്യപ്പള്ളി വിജയൻ മകൻ വിനോദ് എന്ന് വിളിക്കുന്ന ഷൈജു (39), അരുവിക്കര വില്ലേജിൽ ഇരുമ്പ് തടത്തരുകത്ത് വീട്ടിൽ ജയകുമാർ മകൻ ആദർശ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് കരകുളം വില്ലേജിൽ മുല്ലശ്ശേരി തോപ്പിൽ കട്ടക്കാലിൽ പുത്തൻവീട്ടിൽ സോമൻ (66) എന്നയാളുടെ മകന്റെ ബൈക്ക് പ്രതികൾ അടിച്ചു പൊട്ടിച്ചത്. ഇതു കണ്ട സോമനും മകനും തടയാൻ ശ്രമിച്ചു. ഈ സമയത്താണ് വിനോദ് എന്ന് വിളിക്കുന്ന ഷൈജു സോമനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഷൈജുവിനെ കാപ്പ നിയമ പ്രകാരം നേരത്തെ നാട് കടത്തിയിട്ടുള്ളതാണ്.
ഈ കേസ് കൂടാതെ വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. സോമന്റെ മകനെ ഷെജു മുമ്പ് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോടുള്ള വിരോധമാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് കാരണം. പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം