വാഹനാപകടത്തിൽ ഉമ്മയും വാപ്പയും പോയി, അമ്മിഞ്ഞപ്പാലിനായി വാവിട്ട് കരഞ്ഞ് കുഞ്ഞ് ഐസി; കണ്ടുനിൽക്കാനാകാതെ നാട്
ഖബര്‍സ്ഥാനിലേക്ക് ആബിദിന്‍റെയും ഫെമിനയുടേയും മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഇനി തന്നെ കൊഞ്ചിക്കാനോ കളിപ്പിക്കാനോ ഉമ്മയും ബാപ്പയും ഇല്ല എന്നറിയാതെ ശാന്തനായി ഉറങ്ങുകയായിരുന്നു ഐസി
തൃശൂര്‍: നാടിന് തീരാത്ത നോവായി കുന്നംകുളം ആംബുലൻസ് അപകടം മാറുന്നു. അപകടത്തിൽ ആബിദും ഫെമിനയും ഒന്നിച്ച് മരിച്ചപ്പോൾ ഒറ്റക്കായത് അവരുടെ ഓമന മകനായ കുഞ്ഞ് ഐസിയാണ്. കുന്നംകുളത്ത് ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ അപകടത്തിലാണ് ആബിദും ഫെമിനയും മരിച്ചത്. ഉമ്മയെതേടി ഒന്നര വയസുപോലുമാകാത്ത കുഞ്ഞ് ഐസി വാശി പിടിക്കുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. പാലുകുടി മാറാത്ത ഐസി അമ്മിഞ്ഞപാലിനായി വാവിട്ട് കരയുന്ന കാഴ്ച്ച കണ്ടുനില്‍ക്കുന്നവരുടെയാകെ കണ്ണ് നിറയ്ക്കുകയാണ്.
വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപ്രത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അപകടത്തില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരങ്ങളിലും സമീപത്തെ വീട്ടുമതിലിലും ഇടിച്ചാണ് മൂന്നു തവണ റോഡില്‍ മറിഞ്ഞു. സംഭവസ്ഥലത്ത് വെച്ച് മരിച്ച ഫെമിന, റഹ്മത്ത് എന്നിവർ റോഡില്‍ തെറിച്ചു വീണ് കിടക്കുകയായിരുന്നു. റോഡില്‍ വീണ് കിടന്ന ആബിദ് ആശുപത്രിയിലെത്തിയാണ് മരിച്ചത്. ആംബുലന്‍സിന്റെ വാതിലും ഉള്ളിലെ സ്ട്രക്ചറും റോഡില്‍ തെറിച്ചുവീണു. വസ്ത്രങ്ങളും ചെരിപ്പുകളും റോഡില്‍ ചിതറി കിടക്കുകയായിരുന്നു. പുലര്‍ച്ച നടന്ന അപകട മരണം അധികം പേരും അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ആബിദും ഫെമിനയും സഹോദരി മരിച്ച റഹ്മത്തിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമ്മയെ കാണുവാനായി പഴുന്നാനയിലേക്ക് വന്നത്. ന്യൂമോണിയ ബാധിച്ച ഫെമിനിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരവയസ്സുകാരന്‍ ഐസിയെ ഉമ്മയെ ഏല്‍പ്പിച്ചാണ് ഇരുവരും ആശുപത്രിയിലേക്ക് പോയത്. തുടര്‍ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് ആംബുലന്‍സില്‍ വരുന്നതിനിടയാണ് അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നു പേര്‍ മരിച്ചത്.
കുന്നംകുളം ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ട്
രോഗിയേയും കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചുവെന്ന ദുരന്തവാര്‍ത്ത കേട്ടാണ് കുന്നംകുളം നഗരം ഉണര്‍ന്നത്. ഏത് ആശുപത്രിയില്‍നിന്ന് പോയ ആംബുലന്‍സാണ് അപകടത്തിപ്പെട്ടത് എന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഇതോടെ നഗരത്തിലെ ആശുപത്രികളിലേക്ക് ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. അപകടം സ്ഥിതീകരിച്ചതോടെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രവാഹമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചു. വന്‍ ജനപ്രവാഹമായിരുന്നു വീട്ടില്‍. തുടര്‍ന്ന് സംസ്‌കാരത്തിനായി ഖബര്‍സ്ഥാനിലേക്ക് ആബിദിന്‍റെയും ഫെമിനയുടേയും മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഇനി തന്നെ കൊഞ്ചിക്കാനോ കളിപ്പിക്കാനോ ഉമ്മയും ബാപ്പയും ഇല്ല എന്നറിയാതെ ശാന്തനായി ഉറങ്ങുകയായിരുന്നു ഐസി.