ഷെഫീക്കിന് വേണ്ടി വിവാഹം പോലും വേണ്ടെന്ന് വച്ച് വളർത്തമ്മയായ രാഗിണി; മരണത്തോട് മല്ലിട്ട 15കാരന് പുതുജീവൻ
പൂര്‍ണ്ണമായും ആരോഗ്യം വിണ്ടെടുത്തിട്ടില്ലെങ്കിലും ഓരോ ദിവസവും ഇവനുണ്ടാകുന്ന മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഷഫീക്കിന്‍റെ അവസ്ഥ ഞെട്ടിക്കുന്നതായിരുന്നു.
ഇടുക്കി: പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരതക്കിരയായി തലച്ചോറിനും കൈകാലുകൾക്കും പരിക്കേറ്റ കുമളിക്കാരന്‍ ഷഫീക്കിനെ കേരളത്തിന് മറക്കാനാവില്ല. പീഡനത്തിന്‍റെ മുറിവുകള്‍ മറന്ന് വളർത്തമ്മ രാഗിണിക്കൊപ്പം പുതുജീവിതത്തിലാണ് ഈ മിടുക്കനിപ്പോള്‍. പൂര്‍ണ്ണമായും ആരോഗ്യം വിണ്ടെടുത്തിട്ടില്ലെങ്കിലും ഓരോ ദിവസവും ഇവനുണ്ടാകുന്ന മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഷഫീക്കിന്‍റെ അവസ്ഥ ഞെട്ടിക്കുന്നതായിരുന്നു.
സംരക്ഷിക്കേണ്ടവര്‍ തന്നെ ചട്ടുകം വച്ച് പൊള്ളിച്ചും ഇരുമ്പ് പൈപ്പിനിടിച്ചും ദേഹമാസകലമുണ്ടാക്കിയ മുറിവുകൾ. ക്രൂരമർദ്ദനത്തിൽ വലതുകാൽ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥ. ഇതോക്കെ പതിനഞ്ചുകാരന്‍ പൂര്‍ണ്ണമായും മറന്നു. മരണത്തോട് മല്ലിട്ടുകിടന്ന കാലത്ത് ശുശ്രൂഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രാഗണി പിന്നീട് അവന്‍റെ വളർത്തമ്മയായി. രാഗിണിയുടെ ശ്രമത്തില്‍ ഷഫീക്കിന് ഇപ്പോള്‍ എഴുന്നേറ്റിരിരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്.
ചെറുതായി സംസാരിക്കാനും സാധിക്കുന്നു. അംഗൻവാടി ഹെല്‍പ്പറായിരുന്ന രാഗിണി വിവാഹം പോലും വേണ്ടെന്ന് വെച്ചാണ് ഷെഫീക്കിനോപ്പം കഴിയുന്നത്. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിന്‍റെ സംരക്ഷണയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഷഫീക്കിപ്പോള്‍. കാണാന്‍ വരുന്ന ഓരോ ആളുകളെയും പുഞ്ചിരിയോടെ ഷഫീക്ക് സ്വീകരിക്കും. പിന്നെ പേരു ചോദിച്ച് ഓര്‍മ്മയില്‍ കുറിച്ചു വയ്ക്കും. പിന്നീടത് പറയും. ഓരോ ദിവസവും ആരോഗ്യത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷ നല്‍കുന്നത്.