അപ്രതീക്ഷിത മഴയിൽ പാടങ്ങൾ മുങ്ങി; കൊയ്ത് കൂട്ടിയ നെല്‍കറ്റകൾ വെള്ളത്തിലായി, വയനാട്ടിലെ കര്‍ഷകര്‍ ദുരിതത്തിൽ
മഴ എത്തിയതോടെ പഴുത്ത് പാകമായ കാപ്പിക്കുരു വിളവെടുക്കാനോ ഉണക്കിയെടുക്കാനോ കർഷകർക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്.
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കൊയ്ത്തുകാലം ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കിലും അപ്രതീക്ഷിത കാലാവസ്ഥമാറ്റത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഓർക്കാപ്പുറത്ത് എത്തിയ മഴയില്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കൊയ്ത്തായി മാറിയിരിക്കുകയാണ് വിളവെടുപ്പ്. പാടത്ത് കൊയ്ത് കൂട്ടിയ നെല്‍കറ്റകളാണ് മഴവെള്ളത്തില്‍ മുങ്ങിയത്. അടുത്ത് അടുത്ത ദിവസങ്ങളില്‍ കൊയ്ത്ത് നടക്കേണ്ട പാടങ്ങളിലാകട്ടെ വെള്ളം നിറഞ്ഞതിനാല്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയാതെ ബുദ്ധമുട്ടുകയാണ് പലരും. തിങ്കളാഴ്ചത്തെ മഴയിലാണ് വയലുകളില്‍ വെള്ളമുയര്‍ന്നത്. ഈ വെളളം പൂര്‍ണമായി ഇറങ്ങി വയലിലേയ്ക്ക് വണ്ടിയിറക്കാന്‍ പാകത്തിലായാല്‍ മാത്രമെ കൊയ്ത്ത് നടക്കൂ. ചെളി നിറഞ്ഞ് കിടക്കുന്ന വയലുകളില്‍ നിന്ന് ഇനി വൈക്കോലും കിട്ടില്ലെന്ന ആശങ്കയാണ് കര്‍ഷകര്‍.
കാപ്പി, അടക്ക, കുരുമുളക് വിളവെടുപ്പിനെയും ഓര്‍ക്കാപ്പുറത്തുണ്ടായ മഴ ബാധിച്ചു. കുരുമുളകിനും അടക്കയ്ക്കും വിളവ് കുറഞ്ഞ കാലത്ത് കാപ്പിയിലൂടെയാണ് കര്‍ഷകര്‍ നഷ്ടം നികത്തുന്നത്. നിലവില്‍ ഏറ്റവും മികച്ച വിലയാണ് കാപ്പിക്കുരുവിന് ഉളളത്. 230-245 രൂപയാണ് ഇപ്പോള്‍ കിലോയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മഴയെത്തിയതോടെ പഴുത്ത് പാകമായ കാപ്പിക്കുരു വിളവെടുക്കാനോ ഉണക്കിയെടുക്കാനോ കഴിയുന്നില്ല. വിളവെടുപ്പ് സമയത്ത് മഴ പെയ്താല്‍ കാപ്പിക്കുരുവിന്റെ കുലകളില്‍ വെളളമിറങ്ങി ഫംഗസ് ബാധ വരും. പിന്നീട് വെയില്‍ കൂടി വരുന്നതോടെ ഇത് കായ് വീഴ്ച്ചക്ക് കാരണമാകും. മാത്രമല്ല, അപ്രതീക്ഷിത മഴ കാപ്പി കാലംതെറ്റി പൂവിടാനും വഴിവെയ്ക്കും. മഴയില്‍ ഫംഗസ് ബാധ വന്ന് പഴുത്ത കാപ്പിക്കുരു വിണ്ട് കീറുന്നതിനാല്‍ കാപ്പിപ്പരിപ്പിന്റെ ഗുണമേന്മ നഷ്ടമാകുമെന്ന് കാപ്പി കര്‍ഷകര്‍ പറയുന്നു.
വയനാട്ടില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടായിരുന്നു. ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഈ ദിവസം യെല്ലോ അലർട്ടായിരുന്നു കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്നത്. ചൊവ്വാഴ്ച പലയിടങ്ങളിലും മഴ പെയ്തു. എന്നാല്‍ വൈകുന്നേരത്തോടെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.