സാധാരണ പോലെ ഉറങ്ങി, ഉണര്‍ന്നപ്പോള്‍ വീടാകെ രൂക്ഷഗന്ധം, ദുരന്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
വൈദ്യുതി സ്വിച്ചുകള്‍ പ്രവര്‍ത്തിക്കരുതെന്നും ചാര്‍ജ്ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണുകള്‍ ഊരി മാറ്റാനും വാതില്‍ തുറന്ന് വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
കോഴിക്കോട്: രാത്രിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോർന്നതിനെ തുടര്‍ന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുടംബത്തെ രക്ഷിച്ചത്. കൂത്താളി പനക്കാട് പടിഞ്ഞാറെ മൊട്ടമ്മല്‍ രാമദാസും കുടുംബവുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇവര്‍ സിലിണ്ടറിന്റെ റഗുലേറ്റര്‍ ഓഫാക്കിയിരുന്നില്ല. തുടര്‍ന്ന് പൈപ്പിന്റെ കണക്ഷന്‍ നല്‍കുന്ന ഭാഗത്തിലൂടെ ഗ്യാസ് ലീക്കാവുകയായിരുന്നു. രാവിലെ രാമദാസിന്റെ ഭാര്യ പ്രീത ഉണര്‍ന്നപ്പോള്‍ വീടാകെ രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ചു.
വൈദ്യുതി സ്വിച്ചുകള്‍ പ്രവര്‍ത്തിക്കരുതെന്നും ചാര്‍ജ്ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണുകള്‍ ഊരി മാറ്റാനും വാതില്‍ തുറന്ന് വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നിര്‍ദേശത്തിനനുസരിച്ച് പ്രീത പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പിസി പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് സ്ഥലത്തെത്തി ഗ്യാസ് സിലിണ്ടര്‍ നിര്‍വീര്യമാക്കി പുറത്തേക്ക് മാറ്റി. ഓരോ ഉപയോഗി ശേഷവും സിലിണ്ടറിന്റെ റഗുലേറ്റര്‍ അടച്ചുവെന്നത് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.