കോഴി ഫാമിന്‍റെ മറവിൽ വ്യാജ മദ്യ നിർമാണകേന്ദ്രം; ബിജെപി മുൻ പഞ്ചായത്തംഗം അടക്കം രണ്ട് പേര്‍ അറസ്റ്റിൽ
15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് കണ്ടെത്തിയത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
തൃശൂർ: ചാലക്കുടിക്കടുത്ത് വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ റെയ്ഡ്. കോഴി ഫാമിന്‍റെ മറവിൽ പ്രവർത്തിച്ച വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് സ്പിരിറ്റും വ്യാജമദ്യവും പിടികൂടി. വ്യാജമദ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ബിജെപി മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിലായി.
വെള്ളാഞ്ചിറയിൽ കോഴി ഫാമിന്റെ മറവിലായിരുന്നു തോതിൽ വ്യാജ മദ്യ നിർമ്മാണം . ക്രിസ്തുമസ് ന്യൂ ഇയർ കണക്കാക്കി കൂടുതൽ സ്റ്റോക്ക് എത്തിച്ചിരുന്നു. ബിജെപി മുൻ പഞ്ചായത്തംഗം ലാലായിരുന്നു വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരൻ. കർണ്ണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴി ഫാമിൽ നിന്ന് പതിനയ്യായിരം കുപ്പി വ്യാജ വിദേശ മദ്യമാണ് കണ്ടെത്തിയത്. അമ്പത്താറ് ക്യാനുകളിലായി 2500 ലിറ്റർ സ്പിറ്റും കണ്ടെത്തിയിട്ടുണ്ട്.
കർണ്ണാടയിൽ നിന്നെത്തിക്കുന്ന സ്പിരിറ്റ് ഇവിടെ സൂക്ഷിക്കും. ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തെത്തിച്ച് ബോട്ടിലിലക്കും. നിറച്ച് സീൽ ചെയ്ത കുപ്പി വീണ്ടും കോഴി ഫാമിലേക്ക് മാറ്റും ഇവിടെ നിന്നാണ് വിതരണത്തിന് പോയിരുന്നത്. ആറുമാസമായി വാഹനങ്ങൾ നിരന്തര മെത്തിപ്പോകുന്നു എന്ന വിവരം ലഭിച്ചതോടെയായിരുന്നു പൊലീസ് പരിശോധന. പിടിയിലായ വെള്ളാഞ്ചിറ സ്വദേശി ലാൽ ബിജെപി പ്രദേശിക നേതാവും മുൻ അളൂർ പഞ്ചായത്ത് അംഗവുമായിരുന്നു. ഇയാൾ നാടക നടൻ കൂടിയാണ്. ഇടുക്കി സ്വദേശി ലോറൻസാണ് പിടിയിലായ മറ്റൊരാൾ. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.