360 ഡിഗ്രി മെറ്റബോളിക് സെന്‍റർ അടക്കം സൗകര്യങ്ങൾ; ആലപ്പുഴ ജനറൽ ആശുപത്രി ഒപി സമുച്ചയ ഉദ്ഘാടനം ഇന്ന്
എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, നൂതനമായ ലബോറട്ടറി, ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയ ഒട്ടേറെ നൂതന സംവിധാനങ്ങളാണ് ഉള്ളത്.
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് പുതിയ ഏഴു നില ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ചികില്‍സാ ഉപകരണങ്ങളടക്കം ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവും സാധാരണക്കാരുടെ അഭയകേന്ദ്രവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനസജ്ജമായത്. 16.4 കോടി രൂപ ചെലവില്‍ എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, നൂതനമായ ലബോറട്ടറി, ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയ ഒട്ടേറെ നൂതന സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. എംആര്‍ഐ സ്‌കാനിങ് സെന്റര്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സി ടി സ്‌കാനിങ് സെന്റര്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എം പി, പിപി ചിത്തരഞ്ജന്‍ എംഎല്‍എ, ഹെല്‍ത്ത് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ എന്നിവര്‍ മുഖ്യാതിഥിയാവും. എച്ച് സലാം എംഎല്‍എ സ്വാഗതം പറയും.
ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ റീനാ കെ ജെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആലപ്പുഴ നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ പി എസ് എം ഹുസൈന്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എ എസ് കവിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ നസീര്‍ പുന്നക്കല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സതീദേവി എം ജി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ പ്രേം, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ആര്‍ വിനീത, വാര്‍ഡ് കൗണ്‍സിലര്‍ പി എസ് ഫൈസല്‍, ഡി എം ഒ ജമുന വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ, രാഷ്ട്രീയ, സാമൂഹിക പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം