'ആര്യങ്കാവ് ചെക്പോസ്റ്റിൽ ഒരു അണ്ണനും തൃശൂരിൽ 2 ഗഡികളും പിടിയിലായിട്ടുണ്ട്'; എക്സൈസ് സ്‌പെഷ്യൽ ഡ്രൈവ്
അന്വേഷണത്തിൽ സമീപ പ്രദേശത്തുള്ള കോളേജ് യുവാക്കൾക്ക് ഇവർ കഞ്ചാവ് വിൽക്കുന്നു എന്ന് മനസ്സിലാക്കിയ ഷാഡോ സംഘം തന്ത്രപരമായി പ്രതികളെ പൂട്ടുകയായിരുന്നു.
തൃശൂര്‍: എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. പൂങ്കുന്നം ഒൻപത് മുറി സ്വദേശികളായ 27 വയസ്സുള്ള ശബരീനാഥിനെ ഒന്നാം പ്രതിയായും, 30 വയസ്സുള്ള ഗോകുൽ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇൻസ്‌പെക്ടർ നിധിൻ കെ വി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറച്ചു നാളായി ഇവരെ നിരീക്ഷിച്ചു വരികെയായിരുന്നു.
അന്വേഷണത്തിൽ സമീപ പ്രദേശത്തുള്ള കോളേജ് യുവാക്കൾക്ക് ഇവർ കഞ്ചാവ് വിൽക്കുന്നു എന്ന് മനസ്സിലാക്കിയ ഷാഡോ സംഘം തന്ത്രപരമായി പ്രതികളെ പൂട്ടുകയായിരുന്നു. സംഘത്തിൽ പ്രിവൻറിവ് ഓഫീസർമാരായ സുരേന്ദ്രൻ പി ആർ, സണ്ണി പി എൽ, സുനിൽകുമാർ പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർകുമാർ എം എസ്, പരമേശ്വരൻ പി, രതീഷ് പി, ജിദേഷ് കുമാർ എം എസ്, അർജുൻ പി ആർ എന്നിവർ പങ്കെടുത്തു. കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.
ചെന്നൈ സ്വദേശിയായ അബ്‍ദുള്‍ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പൊലീസിന് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് പ്രതി പിടിയിലായത്. സംഘത്തിൽ എക്‌സൈസ് പ്രിവെന്റിവ് ഓഫീസർമാരായ അൻസാർ എ, സനിൽകുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ബി എസ്, സബീർ എ, മുഹമ്മദ് കാഹിൽ ബഷീർ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം