കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്
എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തു.
മലപ്പുറം: മലപ്പുറം നിലമ്പൂർ പാലേമാട് കപ്പതോട്ടത്തിൽ കഞ്ചാവ് കൃഷിയും. നിലമ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലേമാടുള്ള കപ്പ തോട്ടത്തിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. കപ്പ ത്തോട്ടത്തിലെ കഞ്ചാവ് കൃഷി കണ്ട് എക്സൈസ് സംഘം അമ്പരന്നു. നാല് മാസത്തിലധികം വളർച്ചയുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കൃഷിയിടത്തിൽ കണ്ടെത്തിയത്. 90 സെന്‍റി മീറ്റര്‍ വരെ ഉയരമുള്ളതായിരുന്നു ചെടികള്‍. തുടർന്ന് സ്ഥലമുടമയെ വിളിച്ചു വരുത്തി. മൂന്ന് വർഷത്തിലധികമായി പാട്ടത്തിന് നൽകി വരുന്ന പറമ്പാണെന്ന് വ്യക്തമായതോടെ സ്ഥലം പാട്ടത്തിനെടുത്തയാളെ ചോദ്യം ചെയ്തു. പ്രതികളെ കുറിച്ച് സൂചനകൾ കിട്ടിയിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും എടക്കര ജനമൈത്രി എക്സൈസ് സംഘവുമാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടികൾ തുടർ നടപടികൾക്കായി നിലമ്പൂർ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി.