ലുലു മാളിലെ പാക് പതാകയുമായി ബന്ധപ്പെട്ട പ്രചാരണത്തിലെ വാസ്തവം അതല്ല, ആ ചിത്രമാണ് പ്രശ്നം; വിശദീകരണവുമായി ലുലു
'ആ പതാകകളുടെ അളവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം വ്യാജമാണ്, ചിത്രം പകർത്തിയതിന്റെ പ്രശ്നമാണ്', എല്ലാം ഒരേ അളവിലെന്ന് ലുലു
കൊച്ചി: ലുലു മാളിൽ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ വ്യാജമാണെന്ന് ലുലു ഗ്രൂപ്പ്. ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ അതാതു രാജ്യങ്ങളുടെ പതാകകള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടന ദിവസം തൂക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില തെറ്റായ കാര്യങ്ങൾ യഥാര്‍ത്ഥ വസ്തുത മനസിലാക്കതെയാണെന്ന് ലുലു വാർത്താക്കുറിപ്പിൽ അറിയിച്ചു.
മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോഴും, പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോഴും അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും, എന്നാൽ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാകും.
എന്നാല്‍ പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലും ഇന്ത്യന്‍ പതാകയ്ക്ക് വലുപ്പം കുറവുമാണെന്നുള്ള ചില തെറ്റായ വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഫോട്ടോ എടുത്ത വശത്ത് നിന്ന് നോക്കുമ്പോള്‍ ഓരോ രാജ്യങ്ങളുടെയും പതാകയ്ക്ക് വലുപ്പം കൂടുതലായി തോന്നുന്നത് സ്വാഭാവികമാണ് എന്നിരിക്കെ, പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും വ്യാജമാണ്. അവാസ്തവും തെറ്റിദ്ധാരണ പരതുന്നതുമായ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നും. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും ലുലു അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം