മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍
ഈദ് അവധിക്ക് മുന്‍പ് നല്ല തിരക്കുള്ള ദിവസത്തിനൊടുവിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് രാവിലെ ജീവനക്കാരെത്തിയാണ് ഷട്ടര്‍ താഴിട്ട് പൂട്ടിയത്.
നെടുമങ്ങാട്: സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്‍റെ സ്വന്തം മണ്ഡലത്തിലെ സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയത്തിന് ശേഷം പൂട്ടാന്‍ മറന്ന് ജീവനക്കാര്‍. തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം പൂട്ടാന്‍ ജീവനക്കാര്‍ മറന്നത്. ഷട്ടറുകള്‍ പാതിയില്‍ അധികം താഴ്ത്തിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. മൂന്ന് ഷട്ടറുകളാണ് തുറന്ന് കിടന്നത്. ഈസ്റ്റര്‍, വിഷു, റംസാന്‍ ഫെയറിന് ഒടുവിലാണ് വീഴ്ചയെന്നതാണ് ശ്രദ്ധേയം.
ഈദ് അവധിക്ക് മുന്‍പ് നല്ല തിരക്കുള്ള ദിവസത്തിനൊടുവിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് രാവിലെ ജീവനക്കാരെത്തിയാണ് ഷട്ടര്‍ താഴിട്ട് പൂട്ടിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടര്‍ താഴ്ത്തി പൂട്ടുന്നത് ദിവസ വേതനക്കാരാണ് എന്നാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ സ്ഥിരം ജീവനക്കാര്‍ വിശദമാക്കുന്നത്. സാധാരണ രീതിയില്‍ ഇത്തരമൊരു അനാസ്ഥ ജീവനക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് സൂപ്പര്‍മാര്‍ക്കറ്റ് അസിസ്റ്റന്‍റ് മാനേജര്‍ ജയശ്രീ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്.
സംഭവത്തേക്കുറിച്ച് റീജിയണല്‍ മാനേജരെ വിവരം അറിയിച്ചതായും റീജിയണല്‍ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അസിസ്റ്റന്‍റ് മാനേജര്‍ വിശദമാക്കി. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചത്. ഒരു വര്‍ഷത്തിലധികമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ദിവസ വേദന തൊഴിലാളിയാണ് ഷട്ടറുകള്‍ പൂട്ടാറുണ്ടായിരുന്നത്. ഇത്തരമൊരു വീഴ്ച ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. രണ്ട് സ്ഥിരം ജീവനക്കാരും മൂന്ന് താല്‍ക്കാലിക ജീവനക്കാരും പാക്കിംഗ് ജീവനക്കാരുമാണ് സൂപ്പര്‍ മാര്‍ക്കറ്റിലുള്ളത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങളോ പണമോ നഷ്ടമായിട്ടില്ലെന്നും അസിസ്റ്റന്‍റ് മാനേജര്‍ വിശദമാക്കുന്നത്. ജീവനക്കാരുടെ വീഴ്ചയുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിവില്‍ സപ്ലൈസ് മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവമെന്നതിനാല്‍ ഇതിനോടകം ചര്‍ച്ചകളും സജീവമായിട്ടുണ്ട്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെങ്കില്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങളും പണവും മോഷണം പോകാനുള്ള സാധ്യതയാണ് അനാസ്ഥ മൂലമുണ്ടായത്.