50കാരനെ വീടിനടുത്തുള്ള തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; 25 ലക്ഷത്തിന്‍റെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ
വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സുനിലിനെയാണ് മരിച്ച നിലയിൽ കണ്ടത്.
മാനന്തവാടി: അമ്പതുകാരനെ വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവക പാതിരിച്ചാല്‍ കുന്നത്ത് കെ ടി സുനില്‍ ആണ് മരിച്ചത്. മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സുനിലിന് ബാങ്ക് വായ്പ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായാണ് വിവരം. ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്നു കടം വാങ്ങിയതും ഉൾപ്പെടെ 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന് സുനിലിന്റെ പിതാവിന്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
പരേതരായ കുന്നത്ത് തോമസിന്‍റെയും അന്നക്കുട്ടിയുടെയും മകനാണ് സുനിൽ. ഭാര്യ: റിൻസി. വിദ്യാർഥികളായ അൻസ മരിയാ സുനിൽ, അൽന മരിയാ സുനിൽ, അഷ്‌വൽ സുനിൽ എന്നിവർ മക്കളാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിനു കല്ലോടി സെയ്‌ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം