ആകെയുള്ളത് 2000 രൂപയുടെ ലോട്ടറി, 500 രൂപയും; 74 കാരിയോട് യുവാക്കളുടെ ക്രൂരത, തള്ളി വീഴ്ത്തി മുഴുവനും കവർന്നു

ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ റോഡിലെ മാങ്ങോട്ട് അപ്പാർട്ട്മെന്‍റിന് മുന്നിലെത്തിയതോടെയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ തങ്കമണിയെ  തള്ളിയിട്ട് ലോട്ടറിയും പണവും തട്ടിയെടുത്തത്. 

elderly woman lottery vendor attacked by two youths in Guruvayur

തൃശൂർ: ഗുരുവായൂരിൽ ലോട്ടറി വില്പനക്കാരിയെ ആക്രമിച്ച് 2000 രൂപയുടെ ലോട്ടറിയും 500 രൂപയും കവർന്ന് യുവാക്കൾ. ഗുരുവായൂർ ഐനികുളങ്ങര പരേതനായ കൃഷ്ണന്‍റെ ഭാര്യ 74 വയസ്സുള്ള തങ്കമണിയാണ് ആക്രമണത്തിനിരയായത്. പന്തായിൽ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ വില്പന കഴിഞ്ഞ് തുടർ ദിവസങ്ങളിൽ വില്പനക്കുള്ള ലോട്ടറിയും വാങ്ങി താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ റോഡിലെ മാങ്ങോട്ട് അപ്പാർട്ട്മെന്‍റിന് മുന്നിലെത്തിയതോടെയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ തങ്കമണിയെ  തള്ളിയിട്ട് ലോട്ടറിയും പണവും തട്ടിയെടുത്തത്. 

വീഴ്ചയിൽ കല്ലിൽ തട്ടി തങ്കമണിയുടെ തല പൊട്ടിയിട്ടുണ്ട്. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുവായൂർ ടെമ്പിൾ പാലീസിൽ പരാതി നൽകി. ഇത് മൂന്നാം തവണയാണ് ആക്രമത്തിന് ഇരയാകുന്നതെന്ന് തങ്കമണി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രനഗരിയിൽ ലോട്ടറി വിൽപ്പനക്കാർ ആക്രമണത്തിനിരയാവുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുന്നത് പതിവാണ്. മുന്നൂറോളം പേരാണ് ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്നത്.

ലോട്ടറി വില്പനക്കാരിയെ ആക്രമിച്ച് ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ലോട്ടറി വില്പനക്കാർ ഗുരുവായൂരിൽ പ്രകടനം നടത്തി. ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം യൂണിയൻ ഏരിയ സെക്രട്ടറി എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. 

ലോട്ടറി വില്പനക്കാർക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ പോലീസ് നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോട്ടറി വില്പനക്കാർക്ക് നേരെ നടക്കുന്ന ആക്രമണം തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖല വൈസ് പ്രസിഡണ്ട് കെ.എം. രാജൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ജെയിംസ് മുട്ടത്ത്, സെക്രട്ടറി എം.ടി. മണികണ്ഠൻ, പി.ടി. മല്ലിക, എസ്. ബബിത തുടങ്ങിയവർ സംസാരിച്ചു.

 Read More : 'അമ്മച്ചിയേ, ഇതല്ലേ ആള്, പറഞ്ഞ വാക്ക് പാലിച്ചേ'; വയോധികയുടെ മാലപൊട്ടിച്ച 'വ്യാജ വൈദികനെ' മുന്നിലെത്തിച്ച് സിഐ

Latest Videos
Follow Us:
Download App:
  • android
  • ios