വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലയാളിയെ പിടികൂടി പൊലീസ്
54കാരനായ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാറാണത്ത് സജിത്തി (നായര്‍ സജിത്ത്)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 54കാരനായ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാറാണത്ത് സജിത്തി (നായര്‍ സജിത്ത്)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 17ന് രാത്രിയാണ് തെരുവില്‍ കഴിഞ്ഞിരുന്ന അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ടത്. 18ന് രാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള കടവരാന്തയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുണ്ടായിരുന്നു. നാട്ടുകാര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടം നടത്തുകയും കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പിന്നീട് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് ബസ് സ്റ്റാൻഡുകളില്‍ അന്തിയുറങ്ങുന്നവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇതിന് പിന്നാലെയാണ് സജിത്ത് പിടിയിലായത്. കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ദിവസം വയോധികന്‍ കൈവശമുണ്ടായിരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് സജിത്ത് കണ്ടിരുന്നതായി പോലീസ് പറഞ്ഞു.
ഈ പണം കൈക്കലാക്കാനായി ഉറങ്ങുന്നതിനിടയില്‍ വയോധികന്റെ കഴുത്തില്‍ പുതപ്പ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സജിത്ത് പിന്നീട് പണവുമായി കടന്നുകളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.