'സൈക്കിൾ യാത്രികനെ രക്ഷിക്കാൻ തെരുവ് നായയെ എറിഞ്ഞു, നായ 8 വയസുകാരനെ ഓടിച്ചു; പേവിഷ ബാധയേറ്റ് ദാരുണാന്ത്യം

ഏപ്രിൽ 23ന് ദേവനാരായണൻ കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ ഒരു സൈക്കിൾ യാത്രികനെ കടിക്കാനായി ശ്രമിച്ചു. ഈ സമയത്ത് സൈക്കിൾ യാത്രികനെ രക്ഷിക്കാനായി ദേവനാരായണൻ തന്‍റെ കൈയ്യിലിരുന്ന പന്തു കൊണ്ട് നായയെ എറിഞ്ഞു.

eight year old boy dies of rabies infection in alappuzha haripad

ഹരിപ്പാട്: ആലപ്പുഴയിൽ എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണൻ(8) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദേവനാരായണന് ശ്വാത തടസം നേരിട്ടിരുന്നു.  ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിസം  രാവിലെ 11.45 ഓടെ മരണം സംഭവിച്ചു. 

 വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഏപ്രിൽ 23ന് ദേവനാരായണൻ കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ ഒരു സൈക്കിൾ യാത്രികനെ കടിക്കാനായി ശ്രമിച്ചു. ഈ സമയത്ത് സൈക്കിൾ യാത്രികനെ രക്ഷിക്കാനായി ദേവനാരായണൻ തന്‍റെ കൈയ്യിലിരുന്ന പന്തു കൊണ്ട് നായയെ എറിഞ്ഞു. ഇതോടെ ദേവനാരായണന്‍റെ നേർക്ക് തെരുവ്നായ തിരിഞ്ഞു. നായയിൽ നിന്ന് രക്ഷപെടാനായി കുട്ടി ഓടുന്നതിനിടെ ഓടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. 
നായയും കുട്ടിക്കൊപ്പം ഓടയിൽ വീണതായി അന്ന് ചിലർ സംശയം പറഞ്ഞിരുന്നു. 

എന്നാൽ നായകടിച്ചതിന്റെ പാടുകളൊന്നും ശരീരത്തിൽ കാണാതിരുന്നതിനാൽ വീഴ്ചയിൽ ഉണ്ടായ പാടുകൾക്ക് മരുന്ന് വച്ചതിന് ശേഷം ആശുപത്രി വിടുകയായിരുന്നു. കുട്ടിക്ക് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എടുത്തിരുന്നില്ല. പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള കോട്ടയ്ക്കകം മങ്ങാട്ട് പുത്തൻ വീട്ടിൽ ശാന്തമ്മയുടെ കറവപശുവും പേവിഷബാധയേറ്റ് ചത്തിരുന്നു. കുട്ടിയുമായി നേരിട്ട് ഇടപെട്ടവരെല്ലാം തന്നെ വാക്സിൻ എടുത്തിട്ടുണ്ട്. കുട്ടിയുടെ മറ്റ് സുഹൃത്തുക്കൾക്കും വാക്സിൻ നൽകാനുള്ള നടപടി ആരംഭിച്ചതായും വാർഡ് കൗൺസിലർ അറിയിച്ചു. സംസ്കാരം കഴിഞ്ഞു. അമ്മ: രാധിക, സഹോദരി: ദേവനന്ദ.

Read More : തിരുവനന്തപുരത്ത് യുവാവിന്‍റെ തലയിൽ വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios