എടത്വാ നദിയിൽ കുളിക്കുന്നതിനിടെ നീർനായ ആക്രമണം; 9 വയസ്സുകാരന് കടിയേറ്റു

അമ്മയ്ക്കും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. 

edathua river otter attack while bathing nine year old bitten

ആലപ്പുഴ: എടത്വാ നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായയുടെ കടിയേറ്റു. തലവടി സ്വദേശി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവിൽ അമ്മയ്ക്കും സഹോദരൻ വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. 

വിനായകന്‍റെ കാലിലും പുറത്തുമാണ് നീർനായ കടിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വിനായകന്‍റെ അമ്മയ്ക്കും സഹോദരനും നീർനായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം നിരവധി ആളുകൾക്ക് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

നേരത്തെ കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് നീര്‍നായകളുടെ കടിയേറ്റത്. ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികള്‍ക്ക് നേരെയാണ് നീർനായ ആക്രമണമുണ്ടായത്. ഇതിൽ ഹാദി ഹസന്‍ (14), അബ്ദുല്‍ ഹാദി (14), മുഹമ്മദ് ഷാദിന്‍ (14)  എന്നിവര്‍ക്കാണ് കടിയേറ്റത്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് നീര്‍നായകള്‍ കൂട്ടമായി എത്തി കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.

മുന്‍പും ഇരുവഴിഞ്ഞിപ്പുഴയില്‍ നിരവധി തവണ നീര്‍നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നീര്‍നായയുടെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയിലെ നീര്‍നായക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. സാധാരണ നീര്‍നായകള്‍ ആക്രമണം നടത്താറില്ല. ചൂടു കൂടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതുമാണ് ഇവരെ അക്രമകാരികളാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios