ഇടമലക്കുടിയിലെ ആ 10 വയസുകാരി സെക്രട്ടേറിയറ്റിലെത്തി; മന്ത്രി രാധാകൃഷ്ണനെ കണ്ട് നന്ദി പറയാന്‍

കേള്‍വിയുടെ ലോകം അഭിരാമിക്ക് സ്വന്തമായതിന് പിന്നില്‍ മന്ത്രി രാധാകൃഷ്ണന്റെ ഇടപെടലുണ്ടായിരുന്നു.

edamalakkudy student abhirami meets minister k radhakrishnan joy

തിരുവനന്തപുരം: കേള്‍വി ശക്തി തിരികെ ലഭിച്ചതിന്റെ സന്തോഷം മന്ത്രി കെ രാധാകൃഷ്ണനുമായി പങ്കുവയ്ക്കാന്‍ ഇടമലക്കുടി സ്വദേശിയായ അഭിരാമി സെക്രട്ടേറിയറ്റിലെത്തി. കേള്‍വിയുടെ ലോകം അഭിരാമിക്ക് സ്വന്തമായതിന് പിന്നില്‍ മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു. ഇതിന് നന്ദി പറയാന്‍ കൂടിയാണ് അഭിരാമി രാധാകൃഷ്ണനെ കാണാനെത്തിയത്. വസ്ത്രങ്ങളും ചോക്ലേറ്റും നല്‍കിയാണ് മന്ത്രി അഭിരാമിയെ സ്വീകരിച്ചത്.

ഇടമലക്കുടിയിലെ ശിവന്‍, മുത്തുമാരി എന്നിവരുടെ മകളായ അഭിരാമി ജന്മ ബധിരയായിരുന്നു. നല്ല ചികിത്സ ലഭിച്ചാല്‍ കേള്‍വി ശക്തി തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും പണം വിലങ്ങുതടിയായി. അങ്ങനെയിരിക്കെയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ കഴിഞ്ഞ മെയ് 29ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിര്‍മാണോദ്ഘാടനത്തിന് സൊസൈറ്റിക്കുടിയിലെത്തിയത്. അന്ന് ശിവനൊപ്പം പത്തു വയസുകാരിയായ അഭിരാമിയെ അദ്ദേഹം കണ്ടു. ഭിന്നശേഷിക്കാരായ പട്ടിക വര്‍ഗക്കാരുടെ പരിമിതികള്‍ തരണം ചെയ്യാന്‍ സഹായിക്കുന്ന കാറ്റാടി പദ്ധതിയില്‍ അഭിരാമിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കി മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക നല്‍കുകയായിരുന്നു. 

കേള്‍വി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമെ അഭിരാമിക്കും മാതാപിതാക്കള്‍ക്കും തിരുവനന്തപുരത്ത് ചികിത്സയ്ക്കായി വന്നു പോകുന്നതിനുള്ള ചെലവും സര്‍ക്കാര്‍ നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, നാഷണല്‍ സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ധനിഷ്പ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധന നടത്തി. നിഷിലെ ചികിത്സയ്‌ക്കൊടുവില്‍ കേള്‍വി ഉപകരണം ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി തിരുവനന്തപുരത്തെത്തിയപ്പോള്‍ അമ്പരന്ന് പിതാവിനെ വട്ടംചുറ്റിപ്പിടിച്ച് കരഞ്ഞ കുട്ടി ഇനി സ്വന്തം നാട്ടിലെ സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ മൂന്നാര്‍ പ്രീമെട്രിക്ക് സ്‌കൂളില്‍ പോയിരുന്നെങ്കിലും പഠനത്തിന് തടസമുണ്ടായി. ഇടമലക്കുടി സൊസൈറ്റിക്കുടിയിലെ സ്‌കൂളില്‍ അഭിരാമിയെ ഉടന്‍ ചേര്‍ക്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. 

 പൊലീസ് സ്റ്റേഷന്‍ സംഭവങ്ങളും അറസ്റ്റും; ആദ്യ പോസ്റ്റുമായി വിനായകന്‍  
 

Latest Videos
Follow Us:
Download App:
  • android
  • ios