ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത കൂടുതൽ പേരെ കബളിപ്പിച്ചോ എന്ന് സംശയം, അന്വേഷണം വ്യാപിപ്പിക്കും!
സച്ചിത കൂടുതല്‍ പേരെ വഞ്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കാസർകോട്: കാസർകോട് കുമ്പളയിൽ ജോലി വാഗ്ദാനം ചെയ്ത് മുൻ ഡിവൈഎഫ്ഐ വനിതാ നേതാവ് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കൂടുതൽ പേർ തട്ടിപ്പിനിരയായെന്ന സംശയത്തെ തുടർന്നാണ് അധ്യാപികയായ നേതാവിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ് ബല്‍ത്തക്കല്ല് സ്വദേശിയായ സച്ചിതാ റൈ. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് സച്ചിത.
സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. 2023 മെയ് 31 നും ഓഗസ്റ്റ് 23 നും ഇടയിൽ ബാങ്ക് വഴിയും ജിപേ വഴിയും ഒന്നിലധികം ഇടപാടുകളിലൂടെ 15.05 ലക്ഷം രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു. കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചുമാണ് പണം സംഘടിപ്പിച്ച് നൽകിയത്. ജോലി നൽകിയില്ലെങ്കിൽ പണം തിരികെ നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
റായിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ സ്ഥിരം ജോലി നേടുന്നതിന് മുമ്പ് റായി ഗവ.എച്ച്.എസ്.എസ് അംഗടിമൊഗറിൽ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്.