കനത്ത മഴയും കാറ്റും, കോഴിക്കോട് ബസിനും ട്രാവലറിനും മുകളിലേക്ക് മരം പൊട്ടി വീണു
കോഴിക്കോട് മുക്കം, മാവൂര്‍, കൂളിമാട് ഭാഗങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണാണ് പ്രധാനമായും നാശനഷ്ടങ്ങളുണ്ടായത്
കോഴിക്കോട്: ഇന്നലെ വൈകീട്ടോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. കോഴിക്കോട് മുക്കം, മാവൂര്‍, കൂളിമാട് ഭാഗങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണാണ് പ്രധാനമായും നാശനഷ്ടങ്ങളുണ്ടായത്. ആര്‍ഇസി-മാവൂര്‍ റോഡില്‍ വെള്ളശ്ശേരിയിലും കൂളിമാട്-മാവൂര്‍ റോഡില്‍ എളമരം കടവ്, താത്തൂര്‍, മുതിര പറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി തൂണുകള്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
മുതിര പറമ്പില്‍ ട്രാവലറിന്റെ മുകളിലും സ്വകാര്യ ബസിന്റെ മുകളിലും മരം കടപുഴകി വീണു. മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്‍, ഫയര്‍ ഓഫീസര്‍മാരായ പിടി ശ്രീജേഷ്, എം സുജിത്ത്, വി സലീം, എം നിസാമുദ്ദീന്‍, സി വിനോദ്, ഹോം ഗാര്‍ഡുമാരായ ചാക്കോ ജോസഫ്, കെഎസ് വിജയകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ശക്തിപ്രാപിച്ച് തുലാവർഷം; സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 6 ജില്ലകളിൽ യെല്ലോ അലർട്ട്