'ന്യൂ ഇയറിന്' കേരളത്തിലെ 3 ബിവറേജുകളിൽ നിന്നായി 22 ലിറ്റർ മദ്യം, ഒപ്പം10 ബിയറും വാങ്ങി; ശേഷം വിൽപ്പന, പിടിയിൽ
ചന്തിരൂർ പഴയ പാലത്തിന് സമീപം മദ്യ വിൽപ്പന നടത്തിക്കൊണ്ടിരിക്കവെയാണ് പ്രതിയെ പിടികൂടിയത്
ആലപ്പുഴ: പുതുവത്സരദിനത്തിൽ ഡ്രൈ ഡേ ആയിരിക്കവെ അതിഥി തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വിൽപ്പന നടത്തിയ അസം സ്വദേശിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35) ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പൊലീസിന്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന പ്രത്യേകം പട്രോളിങ് ടീമാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾക്ക് മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും റെയ്ഡ് ചെയ്തു.
തോപ്പുംപടി, തൈക്കാട്ടുശ്ശേരി, അഴീക്കൽ തുടങ്ങിയ ബീവറേജുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ മദ്യം വാങ്ങി ഡ്രൈ ഡേയിൽ ഉയർന്ന വിലയ്ക്ക് ആളുകൾക്ക് നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. അരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് ഗീതുമോൾ, പ്രൊബേഷൻ എസ് ഐ ബിനു മോഹൻ, എസ് ഐ സാജൻ, എ എസ് ഐ സുധീഷ് ചന്ദ്ര ബോസ്, സീനിയർ സി പി ഒ മാരായ ശ്രീജിത്ത്, വിജേഷ്, ശ്യാംജിത്ത്, ടെൽസൻ തോമസ്, രശോബ്, സി പി ഒ മാരായ ജോമോൻ, റിയാസ്, നിതീഷ് മോൻ, അമൽ പ്രകാശ്, ശരത് ലാൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം