പുൽപള്ളിയിൽ അമ്മയെ തല്ലി നിലത്തിട്ട് മകൻ, മർദ്ദനം ഭയന്ന് രാത്രി കിടക്കുന്നത് അയൽവാസിയുടെ തൊഴുത്തിൽ, ക്രൂരത
കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെൽബിൻ അമ്മയെ തല്ലിയത്. അമ്മ വീടിന്‍റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം.
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി. പാതി സ്വദേശി മെൽബിനാണ് പ്രായമായ അമ്മയെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമര്‍ദനത്തിനിരയായത്. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെൽബിൻ അമ്മയെ തല്ലിയത്. അമ്മ വീടിന്‍റെ ശാപം എന്ന് ആക്രോശിച്ചായിരുന്നു മർദ്ദനം. അയൽവാസികളാണ് മകൻ അമ്മയെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത്.
അയൽവാസികള്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അമ്മയുടെ മൊഴിയെടുത്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റിട്ടും തനിക്ക് പരാതിയില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. മർദ്ദനവിവരം അന്വേഷിക്കാൻ പൊലീസ് എത്തിയതിന്റെ വൈരാഗ്യത്തിലും വീഡിയോ പുറത്ത് വന്നതിലും ഇന്നലെ രാത്രിയിലും മെൽബിൻ അമ്മയെ ഉപദ്രവിച്ചിരുന്നു.
മെൽബിനും സഹോദരൻ ആൽബിനും മാതാപിതാക്കളെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരും പുൽപ്പള്ളിയിൽ സ്വകാര്യ ബസിലെ ജീവനക്കാരാണ്. മക്കളുടെ മർദ്ദനം ഭയന്ന് രാത്രി അടുത്ത വീട്ടിലെ തൊഴുത്തിലും ആട്ടിൻകൂട്ടിലും ആണ് മാതാപിതാക്കൾ കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു. മെൽബിൻ വീണ്ടും അമ്മയെ ആക്രമിച്ചതോടെ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ എസ്പി പൊലീസിന് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പേരില്‍ മെല്‍ബിനെതിരെ പുല്പള്ളി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതറിഞ്ഞ് മെൽബിനും സഹോദരനും ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം