എന്തിനെന്ന് പോലും അറിയില്ല! 2 പാവങ്ങളോട് അടിച്ച് പൂസായി ചെയ്ത ക്രൂരത, വെന്ത് മരിച്ചത് നായക്കുട്ടി; അറസ്റ്റ്
പ്രതി അറസ്റ്റിലായെങ്കിലും അക്രമത്തിന്‍റെ കാരണം എന്തെന്ന പൊലീസ് ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം മാത്രം കിട്ടിയിട്ടില്ല.
കോട്ടയം: മദ്യലഹരിയില്‍ ഒരു അക്രമി നടത്തിയ അഴിഞ്ഞാട്ടത്തില്‍ കിടപ്പാടവും ജീവിതോപാധിയും നഷ്ടപ്പെട്ട സങ്കടത്തിൽ കോട്ടയം കങ്ങഴയിലെ രണ്ട് പാവം മനുഷ്യര്‍. റോഡ് പുറമ്പോക്കിൽ ജീവിച്ചിരുന്ന അമ്മിണിയുടെയും വിജയന്‍റെയും കിടപ്പാടവും വരുമാന മാര്‍ഗമായിരുന്ന കടകളും വണ്ടിയിടിപ്പിച്ചും കത്തിച്ചും കളഞ്ഞുമാണ് അയല്‍വാസിയായ മാത്യു എന്ന ഷിബു പരാക്രമം കാട്ടിയത്. പ്രതി അറസ്റ്റിലായെങ്കിലും അക്രമത്തിന്‍റെ കാരണം എന്തെന്ന പൊലീസ് ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം മാത്രം കിട്ടിയിട്ടില്ല.
ചങ്ങനാശേരി - വാഴൂര്‍ റോഡ് പുറമ്പോക്കിലെ ഇത്തിരി സ്ഥലത്തായിരുന്നു വിജയന്‍ കിടന്നുറങ്ങുന്ന ഷെഡും ഒരു കൊച്ചു മുറുക്കാന്‍ കടയും ഉണ്ടായിരുന്നത്. സമീപവാസിയായ മാത്യു സ്കറിയ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് വിജയന്‍ ജീവിച്ചിരുന്ന ഷെഡ് വണ്ടിയിടിപ്പിച്ച് തകര്‍ത്തു കളയുകയായിരുന്നു. വിജയന്‍റെ ഷെഡ് ആക്രമണത്തിന് പിന്നാലെ തൊട്ടടുത്ത് മറ്റൊരു പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന അമ്മിണിയുടെ വീടും കടയും വണ്ടിയിടിച്ച് തകര്‍ത്ത ശേഷം മാത്യു കത്തിച്ചു.
ഷെഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു. മദ്യ ലഹരിയിലായിരുന്ന ഷിബു മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ നടത്തിയ അക്രമമെന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ അക്രമം നടത്തിയ ഷിബുവുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് അക്രമത്തിന് ഇരയായവര്‍ ഇരുവരും പറയുന്നു. ഇപ്പോള്‍ റിമാന്‍ഡിലായ പ്രതി ഇനി പുറത്തിറങ്ങി അക്രമം നടത്താതിരിക്കാന്‍ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അക്രമിയുടെ അഴിഞ്ഞാട്ടത്തില്‍ ഇല്ലാതായ ജീവിതം തിരിച്ചു പിടിക്കാന്‍ നല്ല മനസുളളവരുടെ സഹായവും അഭ്യര്‍ഥിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം