ദൃക്സാക്ഷികളുടെ മൊഴി നിർണായകമായി, ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്.
പത്തനംതിട്ട: പുല്ലാടിന് സമീപം മുട്ടുമണ്ണിൽ 2 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ. കുമ്പനാട് സ്വദേശികളായ വി. ജി. രാജൻ, ഭാര്യ റീന രാജൻ എന്നിവരുടെ മരണത്തിലാണ് ഡ്രൈവർ നിജിലാൽ അറസ്റ്റിലായത്. വിതുര സ്വദേശിയാണ്. തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്.
ഇന്നലെ രാത്രി ഒമ്പതരയോടെ കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ദൃക്സാക്ഷികൾ ഡ്രൈവറുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് നേരത്തെ മൊഴി നൽകിയിരുന്നു. തെറ്റായ ദിശയിൽ ബസ് കയറിവന്ന് കാറിൽ ഇടിക്കുകയായിരുന്നു. രാജൻ റീന ദമ്പതികളുടെ മകൾ ഷേബ, ഷേബയുടെ മകൾ മൂന്നര വയസ്സുകാരി ജുവന ലിജു എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണ്.