ഞായർ രാവിലെ മുതൽ ഒരുമിച്ച് മദ്യാപാനം, പിറ്റേന്ന് പുലർച്ചെ നാലിന് തര്‍ക്കം; അയൽവാസിയെ വെട്ടിയ പ്രതി അറസ്റ്റിൽ
ബന്ധുക്കളായ ചന്ദ്രനും ബിജുവും ഞായറാഴ്ച്ച രാവിലെ മുതൽ ചന്ദ്രന്‍റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു
തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ചശേഷമുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചയാളെ പൂവാർ പൊലീസ് പിടികൂടി. തിരുപുറം മാങ്കൂട്ടം സ്വദേശി ബിജുവിനെ(42) യാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. തലയിൽ വെട്ടേറ്റ അയൽവാസിയും ബന്ധുവുമായ തിരുപുറം മാങ്കൂട്ടം സ്വദേശി ചന്ദ്രൻ (45) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ബന്ധുക്കളായ ചന്ദ്രനും ബിജുവും ഞായറാഴ്ച്ച രാവിലെ മുതൽ ചന്ദ്രന്‍റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. അടുത്ത ദിവസം വെളുപ്പിന് നാല് മണിയോടെ ഇവരുടെ ബന്ധു കൂടിയായ സംവിധായകൻ ചന്ദ്രകുമാറിന്‍റെ മരണാനന്തര ചടങ്ങിൽ ചന്ദ്രൻ പങ്കെടുക്കാത്തതിനെ കുറിച്ച് വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ബിജു കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രന്‍റെ തലയിൽ വെട്ടുകയുമായിരുന്നു.
വെട്ടേറ്റ് കിടന്ന ചന്ദ്രനെ രാവിലെ അയൽവാസികളാാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിജുവിനെ പൂവാർ എസ് ഐ രാധാകൃഷ്ണന്‍റെ നേതൃത്വലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇരുവരും എല്ലാ ദിവസവും ഒരുമിച്ചിരുന്നാണ് മദ്യപിക്കുന്നതെന്നും ഒറ്റയ്ക്കാണ് ഇവർ താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.