ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു; വേദനയായി അബ്ദുൽ കബീറിന്‍റെ വിടവാങ്ങൽ
മതിലകം പുന്നക്കബസാർ ആക്ട്സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക്ക് ഓൺ വീൽസ്' ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം
പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ ആണ് മരിച്ചത്. 42 വയസായിരുന്നു. മതിലകം പുന്നക്കബസാർ ആക്ട്സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക്ക് ഓൺ വീൽസ്' ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. വേദിയിൽ പാട്ടു പാടിയ കബീർ ഇറങ്ങി വന്ന് തന്‍റെ മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടനെ ആക്ട്സ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിചെങ്കിലും മരിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദ് ഖബർസ്ഥാനിൽ നടക്കും.
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നെടുങ്കണ്ടം വലിയതോവാളയിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഗാനമേളയ്ക്കിടെ സംഘർഷം ഉണ്ടായി എന്നതാണ്. കയ്യാങ്കളി തടയാനെത്തിയ പൊലീസിനെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ഗാനമേള കാണാനെത്തിയവർ നൃത്തം ചെയ്യുന്നതിനിടെയുണ്ടായ തട്ടലും മുട്ടലുമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടിയവരെ പൊലീസ് ഇടപെട്ട് പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ പൊലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിപിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്‍റെ നെയിം പ്ലേറ്റും യൂണിഫോമും വലിച്ചുകീറി. പരുക്കേറ്റ ബിപിൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വിവരമറിഞ്ഞ സ്ഥലത്തെത്തിയ നെടുങ്കണ്ടം സി ഐ ബി എസ് ബിനുവിനെ പൊലീസ് വാഹനത്തിൽ നിന്നും ഇറങ്ങാൻ അക്രമിസംഘം സമ്മതിച്ചില്ല. ഇതിനിടെ പൊലീസ് വാഹനം തകർക്കാനും ശ്രമം നടന്നു. പൊലീസ് വാഹനത്തിന് തീയിടുമെന്ന് അക്രോശിച്ച് അടിത്തതോടെ രണ്ടു തവണ ലാത്തി വീശിയാണ് അക്രമി സംഘത്തെ പൊലീസ് പിരിച്ചുവിട്ടത്.