കേരള ഫയർ സർവീസ് അസോസിയേഷൻ നിർമ്മിച്ച 'ഡയൽ 101' വീഡിയോ ആൽബം ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശം നൽകുന്നു.
കോഴിക്കോട്: മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ നാടാകെ ഒന്നിക്കുമ്പോള്‍ ലഹരിക്കെതിരെ വേറിട്ട വഴിയില്‍ പ്രതിരോധം തീര്‍ക്കുകയാണ് ഒരു കൂട്ടം അഗ്നിരക്ഷാ സേനാംഗങ്ങള്‍. 'ഡയല്‍ 101' എന്ന പേരില്‍ ലഹരി ഉപയോഗത്തിനെതിരായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍റ നേതൃത്വത്തില്‍ നിര്‍മിച്ച വീഡിയോ ആല്‍ബമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
'പടപൊരുതാം പടിപടിയായി' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ രചന നിര്‍വഹിച്ചതും ആലപിച്ചതും മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനായ വൈപി ഷറഫുദ്ദീനാണ്. മണാശ്ശേരി അലന്‍ സ്റ്റുഡിയോയിലെ സവിജേഷ് വീഡിയോഗ്രാഫിയും എഡിറ്റിങ്ങും നിര്‍വഹിച്ച ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചത് കെ ടി ജയേഷാണ്. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഷജില്‍ കുമാര്‍ ആല്‍ബം പ്രകാശനം ചെയ്തു.
മുക്കം അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. മുക്കം ടൗണും പരിസര പ്രദേശങ്ങളും ലൊക്കേഷന്‍ ആക്കി ചിത്രീകരിച്ചിട്ടുള്ള ആല്‍ബം ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.
