വഴിക്കായി മണ്ണ് കൊടുത്ത് വര്‍ഷങ്ങൾ കാത്തിരുന്ന് സ്കറിയ പോയി, മൃതദേഹം റോഡിലെത്തിച്ചത് ചുമന്ന്!
കോതമംഗലത്ത് വഴിക്ക് പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി യാഥാർത്ഥ്യമാകാതെ സ്കറിയ യാത്രയായി.
എറണാകുളം: കോതമംഗലത്ത് വഴിക്ക് പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി യാഥാർത്ഥ്യമാകാതെ സ്കറിയ യാത്രയായി. നടവരമ്പിലൂടെ ചുമന്നാണ് സ്കറിയയുടെ മൃതദേഹം റോഡിലെത്തിച്ചത്. കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ചെങ്ങമനാട് സ്കറിയ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒരാൾക്ക് നടക്കാവുന്ന വഴിയിലൂടെ അദ്ദേഹത്തിൻ്റെ മൃതദേഹം ചുമന്ന് കൊണ്ടു പോകുന്നതിൻ്റെ ദൃശ്യം പുറത്തു വന്നിരുന്നു.
വഴിയില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അഞ്ചോളം കുടുംബങ്ങൾ ഇവിടെയുണ്ട്. ദുരിതം നേരിടാൻ കഴിയാതെ ഒരോരുത്തരായി ഇവിടെ നിന്ന് താമസം മാറിത്തുടങ്ങിയിട്ടുണ്ട്. വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയെങ്കിലും പഞ്ചായത്തിന് തനത് ഫണ്ട് ഇല്ലാത്തതിനാൽ എംഎൽഎയും എംപിയുമാണ് കനിയേണ്ടതെന്ന് വാർഡ് മെമ്പർ വികെ വർഗീസ് പറയുന്നു.
പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയിട്ട് തന്നെ 25 വർഷത്തോളമായി ഇതുവരെ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല ആകെ ചെയ്തത് കനാലിന് കുറുകെ ഒരു പാലം വാർത്തു എന്നത് മാത്രമാണെന്നും വഴി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സ്കറിയയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
ബ്രഹ്മപുരം തീ പിടിത്തം: ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
എറണാകുളം ജില്ലയിൽ ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചുണ്ടായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്നു. തീ അണയ്ക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും മാർഗങ്ങളും ചർച്ച ചെയ്തു. തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദ്ദേശിച്ചു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.