'കെ സി 2689', ചിത്രലേഖയുടെ വിജയമെന്ന് ഭർത്താവ്; ഒടുവിൽ ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് നമ്പർ നൽകി ആർടിഓ
ജോലി ചെയ്യാനുള്ള അവകാശത്തിനായി പോരാട്ടം നടത്തി അർബുദ ബാധിതയായി മരിച്ച ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് നൽകി കണ്ണൂർ ആർടിഒ
കണ്ണൂർ: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് ഒടുവിൽ പെർമിറ്റ് നമ്പർ നൽകി ആർടിഓ. മരണത്തിന് മുൻപ് ചിത്രലേഖ അപേക്ഷ നൽകിയിട്ടും പെർമിറ്റ് നൽകാൻ തയ്യാറാകാതിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഉപജീവനം വഴിമുട്ടിയതോടെ ദുരിതത്തിലായിരുന്ന ചിത്രലേഖയുടെ കുടുംബത്തിന് ആശ്വാസമാകുന്നതാണ് പുതുവർഷത്തിലെ നടപടി.
ജീവിതം തന്നെ പോരാട്ടമായിരുന്ന ചിത്രലേഖയ്ക്ക്. അർബുദം ബാധിച്ച അവസാന നാളുകളിലും അതിജീവനത്തിനായുളള ഓട്ടത്തിലായിരുന്നു ചിത്രലേഖ. രണ്ട് തവണ കത്തിച്ചാമ്പലായതിന് പിന്നാലെ പരസഹായം കൊണ്ടുകിട്ടിയ ഒരു ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് നമ്പർ സംഘടിപ്പിക്കാൻ രോഗക്കിടക്കയിലും ചിത്രലേഖ അപേക്ഷകൾ അനവധി നൽകിയിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിനീട്ടിക്കൊണ്ടുപോവുകയായിരുന്നു കണ്ണൂർ ആർടിഓ. ഒക്ടോബർ അഞ്ചിന് ചിത്രലേഖ ജീവിതത്തിൽ നിന്ന് തന്നെ മടങ്ങി.
വായ്പ തിരിച്ചടവ് മുടങ്ങിയും ജീവിക്കാൻ വകയില്ലാതെയുമുളള കുടുംബത്തിന്‍റെ ദുരിതം വാർത്തയായി. ഒടുവിൽ പുതുവർഷ ദിനം പെർമിറ്റ് നമ്പർ കിട്ടി. കെ സി 2689ആണ് കെഎംസി നമ്പർ. പഴയ നമ്പർ തന്നെ. കണ്ണൂർ നഗരത്തിലോടാനാണ് പെർമിറ്റ് അനുവദിക്കുന്നത്. 2005ൽ എടാട്ട് സ്റ്റാന്‍റിൽ ഓടിയ ചിത്രലേഖയുടെ ഓട്ടോ കത്തിച്ചിരുന്നു. അവിടെ നിന്നാണ് ചിത്രലേഖ സിപിഎമ്മുമായി തുറന്ന പോരാട്ടം തുടങ്ങിയത്.
കണ്ണൂർ സ്റ്റാൻഡിൽ ഓടിയിരുന്ന വണ്ടി രണ്ട് വർഷം മുമ്പും കത്തിച്ചു. പിന്നീട് ആം ആദ്മി പാർട്ടിയുടെ കൂടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് കിട്ടാനാണ് മരണം മുന്നിൽ നിൽക്കെയും ചിത്രലേഖ പൊരുതിയതും ഒടുവിൽ അവരില്ലാത്ത കാലത്ത് അനുവദിക്കുന്നതും.