6 വര്‍ഷം മുന്‍പ് രാജസ്ഥാനില്‍ നിന്നുമെത്തിച്ചു, കായ്ചതറിഞ്ഞത് പ്രവാസിയുടെ ഇടപെടലില്‍; കൗതുകമായി ഈന്തപ്പന

ഗൾഫിൽ ഈന്തപ്പന തോട്ടത്തിൽ ജോലി ചെയ്ത് പരിചയമുള്ള സമീപവാസി കഴിഞ്ഞ ദിവസമെത്തി ഓലകൾ വെട്ടിമാറ്റിയപ്പോഴാണ് ഈന്തപ്പനകൾ പൂത്ത് കായ്ച് നില്‍ക്കുന്നത് കണ്ടത്.

Date palm start fruit bearing in trivandrum church people visit church to see rare scene etj

തിരുവനന്തപുരം: കൗതുകത്തിനായി ഈന്തപ്പന കേരളത്തില്‍ പലയിടങ്ങളിലും നടാറുണ്ട്. വര്‍ഷങ്ങള്‍ കാത്തിരുന്നാലും ഇവ കായ്ഫലം നല്‍കുന്ന കാഴ്ച എന്നാല്‍ അപൂര്‍വ്വമാണ്. ഇത്തരമൊരു അപൂര്‍വ്വ കാഴ്ചയാണ് വെങ്ങാനൂരിലുള്ളത്. വെങ്ങാനൂരിലെ പള്ളിമുറ്റത്താണ് ഈന്തപ്പന കുലകള്‍ കായ്ച് നില്‍ക്കുന്നത്. 

ദക്ഷിണ കേരള മഹായിടവ പെരിങ്ങമ്മല ഡിസ്ട്രിക്ടിന്റെ കീഴിലുള്ള വെങ്ങാനൂർ വെണ്ണിയൂർ മെറ്റീർപുരം സി എസ് ഐ പള്ളിയുടെ മുറ്റത്താണ് ഈന്തപ്പന കായ്ച് നിൽക്കുന്നത്. പത്തോളം കുലകളാണ് ഈന്തപ്പനയിലുള്ളത്. 6 വർഷം മുൻപ് രാജസ്ഥാനിൽ നിന്നും എത്തിച്ച 6 ഈന്തപ്പനകളിലൊന്നാണ് ഈ വർഷം കായ്ചത്. പതിനായിരം രൂപ നിരക്കിൽ വാങ്ങി നട്ട ഈന്തപ്പനകളിൽ 5 എണ്ണവും ആൺ വർഗ്ഗത്തിൽപ്പെട്ടതായതിനാൽ പുക്കുലകൾ മാത്രമേ ഉണ്ടാകാറുള്ളത്. 

ഗൾഫിൽ ഈന്തപ്പന തോട്ടത്തിൽ ജോലി ചെയ്ത് പരിചയമുള്ള സമീപവാസി കഴിഞ്ഞ ദിവസമെത്തി ഓലകൾ വെട്ടിമാറ്റിയപ്പോഴാണ് ഈന്തപ്പനകൾ പൂത്ത് കായ്ച് നില്‍ക്കുന്നത് കണ്ടത്. 6 വര്‍ഷം മുന്‍പ് അന്നത്തെ ഇടവക വികാരി ഷൈനിന്റെ താല്പര്യത്തിന് വിശ്വാസികൾ കൂട്ടുനിന്നതോടെയാണ് വെങ്ങാനൂരില്‍ ഈന്തപ്പന തൈകള്‍ എത്തിയത്. ഏതാനും പേർ സംഭാവന നൽകാൻ സന്നദ്ധമായതോടെ ഈന്തപ്പനകൾക്ക് പള്ളി മുറ്റത്ത് വേരോടാൻ വഴിയൊരുങ്ങയായിരുന്നു.

ജെസിബിയുടെ സഹായത്തോടെ കുഴിയെടുത്ത് നട്ട ഈന്തപ്പനകൾക്ക് ഇപ്പോൾ രണ്ടാൾപൊക്കം ഉയരമുണ്ട്. ഇപ്പോഴത്തെ ഇടവക വികാരി ഫാ.സുജിത് സുഗതന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളായ എ ജസ്റ്റിൻ, രാജമണി, കെ കെ ഷജിൽ, എസ് ആർ ബിനു എന്നിവർ പരിചരണം നടത്തി വരികയാണ്. ആഴ്ചയിൽ നാല് തവണ നനയ്ക്കും. ചാണകപ്പൊടി, എല്ലുപൊടി എന്നിവയാണ് വളമായി നൽകുന്നത്. ഈന്തപ്പന കായ്ചതറിഞ്ഞ് നിരവധി പേരാണ് കൗതുക കാഴ്ച കാണാനായി പള്ളിമുറ്റത്ത് എത്തുന്നത്.

ഈന്തപ്പന ജൈവരീതിയില്‍ വളര്‍ത്താം; അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും

Latest Videos
Follow Us:
Download App:
  • android
  • ios