ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, അഷ്കറിന് ശ്വാസം നിലച്ച നിമിഷം; ദൈവദൂതനായി അജിത്ത്, ആശ്വാസം!

ബാഗ് നഷ്ടമായ കാര്യം ബന്ധുവിനെ അറിയിച്ചപ്പോഴാണ് അതില്‍ 15 പവന്‍ സ്വര്‍ണാഭരണം ഉണ്ടെന്ന കാര്യം അവര്‍ പറഞ്ഞത്. ശ്വാസം പോലും നിലച്ചുപോകുന്നതായി തോന്നി എന്നാണ് ഈ നിമിഷത്തെ സംബന്ധിച്ച് അഷ്‌കര്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലും ബാഗ് കണ്ടെത്താനുള്ള മരണപ്പാച്ചിലിലായിരുന്നു.

daily wage workers return 15 sovereign gold to owner in kozhikode

കോഴിക്കോട്: ചികിത്സക്കായി തിരുവനന്തപുരത്തേക്ക് തിരിച്ച ബന്ധു, യാത്രക്ക് മുമ്പ് തന്‍റെ കൈവശം കൊടുത്തുവിട്ട ബാഗില്‍ 15 പവന്‍ സ്വര്‍ണമാണെന്ന് അഷ്‌കര്‍ അലി മനസ്സിലാക്കിയത് അത് നഷ്ടപ്പെട്ട ശേഷമായിരുന്നു. കരുവന്‍തിരുത്തി മുക്കോണം പാലയില്‍പ്പടി സ്വദേശിയായ വാഴവളപ്പില്‍ അഷ്‌കര്‍ അലിയുടെ കൈയ്യില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാഗ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് ചികിത്സാര്‍ത്ഥം പോകുന്ന ബന്ധുവിനെ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കി മക്കളോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. 

ബാഗ് നഷ്ടമായ കാര്യം ബന്ധുവിനെ അറിയിച്ചപ്പോഴാണ് അതില്‍ 15 പവന്‍ സ്വര്‍ണാഭരണം ഉണ്ടെന്ന കാര്യം അവര്‍ പറഞ്ഞത്. ശ്വാസം പോലും നിലച്ചുപോകുന്നതായി തോന്നി എന്നാണ് ഈ നിമിഷത്തെ സംബന്ധിച്ച് അഷ്‌കര്‍ പറഞ്ഞത്. പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലും ബാഗ് കണ്ടെത്താനുള്ള മരണപ്പാച്ചിലിലായിരുന്നു. എന്നാല്‍ അഷ്‌കറിന്റെ എല്ലാ പരിഭ്രമങ്ങള്‍ക്കും നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അജിത്ത് കുമാറിന്റെ കണ്‍മുന്നില്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് വീണു കിടന്നെങ്കിലും അതിന്, ആ മനസ്സിന്റെ മാറ്റിനോളം മൂല്യമില്ലായിരുന്നു. 

കൃത്യമായ വിലാസമോ ഫോണ്‍ നമ്പറോ രേഖകളോ ഇല്ലാതിരുന്നതിനാല്‍ മകന്‍ ആകാശിനെയും കൂട്ടി ഫറോക്ക് പൊലീസ് സ്‌റ്റേഷനിലെത്തി  ബാഗ് കൈമാറി. അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം ഇന്നലെ രാവിലെ ഉടമക്ക് ബാഗ് കൈമാറി. ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുരനുഭവമായി മാറുമായിരുന്ന ഒരാളുടെ ജീവിതത്തിലെ പ്രതിസന്ധി തന്നെക്കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അജിത്ത് കുമാര്‍. താന്‍ അനുഭവച്ച പിരിമുറുക്കം അജിത്ത് കുമാറിന്റെ നല്ല മനസ്സിലൂടെ ഇല്ലാതായതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് അഷ്‌കര്‍ അലിയും പറയുന്നു.

Read More : മഫ്തിയിലെത്തിയ പൊലീസുകാർ അവർ പറഞ്ഞതെല്ലാം കേട്ടു; നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, ജോബിയുടെ മരണത്തിൽ 2 പേർ പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios