മലപ്പുറത്തെ സാധാരണക്കാരന്റെ നിയമ പോരാട്ടം: എസ്ബിഐക്ക് വന്‍ തുക പിഴ
കൂരിയാട് സ്വദേശി മധു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാര്‍ഡ്‌സ് ആന്റ് പേയ്മെന്റ് സര്‍വ്വീസസിനും എതിരെ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
മലപ്പുറം: ക്രെഡിറ്റ് കാര്‍ഡ് സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കൂരിയാട് സ്വദേശി മധു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാര്‍ഡ്‌സ് ആന്റ് പേയ്മെന്റ് സര്‍വ്വീസസിനും എതിരെ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
പരാതി ഇങ്ങനെ: ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിര്‍ബന്ധമായാണ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകള്‍ പണം ഇല്ലാതെ കാര്‍ഡ് ഉപയോഗിച്ച് നടത്താമെന്നും ഉറപ്പു നല്‍കിയാണ് കാര്‍ഡ് എടുപ്പിച്ചത്. തുടര്‍ന്ന് മൂന്നുമാസം വരെ പരാതിക്കാരന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ ഒന്നും നടത്തിയില്ല. എന്നാല്‍ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് മുഖേന പണം നഷ്ടപ്പെടാന്‍ തുടങ്ങി. അതേ തുടര്‍ന്ന് പരാതിയുമായി ബാങ്ക് മാനേജരെ സമീപിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതാണ് ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്നു പറയുകയും അതിനുള്ള പണമടക്കാന്‍ ഉപദേശിക്കുകയും ചെയ്തു. പണം അടവാക്കിയ ശേഷം കാര്‍ഡ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ചെയ്തു കൊടുത്തില്ല. തുടര്‍ന്നും പരാതിക്കാരന്റെ അറിവു കൂടാതെ അക്കൗണ്ടില്‍ നിന്നും പണം പോകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വീണ്ടും ബാങ്ക് മാനേജരെ സമീപിച്ചതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്ന ഒരാളുടെ പേരും ഫോണ്‍ നമ്പരും ബാങ്ക് പാസ് ബുക്കില്‍ എഴുതി നല്‍കി. അദ്ദേഹത്തെ സമീപിച്ചതില്‍ 5,000 രൂപ ബാങ്കില്‍ അടവാക്കുന്നതിനാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നും കാര്‍ഡ് മുഖേന പണം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനിലും ബാങ്കിംഗ് ഓംബുഡ്സ്മാനിലും പരാതി നല്‍കി. ബന്ധപ്പെട്ട ബാങ്കില്‍ രേഖാമൂലം ആദ്യം പരാതി നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ബാങ്കിങ് ഓംബുഡ്സ്മാന്‍ പരാതി മടക്കി. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അക്കൗണ്ട് സംബന്ധിച്ച ഇടപാടുകളിലെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതില്‍ പരാതിക്കാരന്‍ വീഴ്ച വരുത്തിയതാണ് കാര്‍ഡ് അക്കൗണ്ട് ദുരുപയോഗപ്പെടുത്താന്‍ ഇടവന്നതെന്നുമുള്ള വാദം കമ്മീഷന്‍ തള്ളി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ വീഴ്ച വന്നുവെങ്കില്‍ തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരന്റേതല്ലെന്നും കമ്മിഷന്‍ പറഞ്ഞു. കാര്‍ഡ് സേവനത്തില്‍ ബാങ്കിന്റെയോ ക്രെഡിറ്റ് കാര്‍ഡ് ഏജന്‍സിയുടേയോ ഭാഗത്ത് വീഴ്ച വന്നാല്‍ പരാതിക്കാരന്റെ നഷ്ടം നികത്താന്‍ ബാങ്കിനും ക്രെഡിറ്റ് കാര്‍ഡ് അതോറിറ്റിക്കും ബാധ്യതയുണ്ട്. പരാതിക്കാരന്റെ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത 41,000 രൂപ സ്വീകരിച്ചു കൊണ്ട് അവസാനിച്ചിരിക്കുവെന്നും ബാക്കി ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും ഇതിന്റെ രേഖ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നും ബാങ്ക് മാനേജര്‍ എഴുതി നല്‍കിയതിനാല്‍ പരാതിക്കാരന് കാര്‍ഡ് മുഖേന വന്ന എല്ലാ വിധ ബുദ്ധിമുട്ടുകള്‍ക്കും കാരണം ബാങ്കിന്റെ സേവനത്തില്‍ വന്ന വീഴ്ചയാണെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.
'പരാതിക്കാരന്റെ അറിവില്‍ പെടാതെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന വിവരം അറിയിച്ച ഉടനെ ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് വയ്ക്കാന്‍ പരാതിക്കാരനെ സഹായിക്കാനുള്ള ബാധ്യത ബാങ്കിനുണ്ട്. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് റിസര്‍വ് ബാങ്കും എതിര്‍കക്ഷി ബാങ്കും പറയുമ്പോള്‍ തന്നെ ഉത്തരവാദപ്പെട്ടവര്‍ അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നത് പരാതിക്കാരന്‍ ഹാജരാക്കിയ രേഖകളില്‍ നിന്നും റിക്കാര്‍ഡ് ചെയ്യപ്പെട്ട ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പരാതിക്കാരന് വന്ന നഷ്ടം നികത്താല്‍ ബാങ്കിന് ബാധ്യതയുണ്ട്.' പരാതിക്കാരന്‍ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടതുകയിലേക്ക് 50,000 രൂപയും സേവനത്തില്‍ വന്ന വീഴ്ചക്ക് ഒരു ലക്ഷം രൂപയും കോടതി ചെലവിലേക്ക് 10,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നും വീഴ്ചവരുത്തുന്ന പക്ഷം വിധി സംഖ്യക്ക് 12 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ്, പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.
'10 ലക്ഷം പ്രതിഫലം, പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും'; കഫേ സ്‌ഫോടനക്കേസ് പ്രതിയെ പിടികൂടാൻ എൻഐഎ