പോക്സോ കേസില്‍ പെട്ട് രാജിവച്ച ശശികുമാറിന്‍റെ വാര്‍ഡ് സിപിഎം തന്നെ നിലനിര്‍ത്തി
മലപ്പുറത്തെ ഞെട്ടിച്ച സംഭവമായിരുന്നു അധ്യാപകൻ കെ വി ശശികുമാർ പോക്സോ കേസിൽ പ്രതിയായത്. ആറ് കേസുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
മലപ്പുറം: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപന വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേരിയ മേൽക്കൈയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ 10 ഇടത്ത് എൽഡിഎഫ് ജയിച്ചു. യുഡിഎഫ് 9 സീറ്റ് നേടി. ബിജെപി ഒരിടത്ത് ജയിച്ചു. അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.
അതേ സമയം ശ്രദ്ധേയമായ മത്സരം നടന്ന വാര്‍ഡ് ആയിരുന്നു മലപ്പുറം നഗരസഭയിലെ പതിനൊന്നാം വാർഡായ മൂന്നാംപടി. മൂന്നാംപടി വാര്‍ഡ് വാര്‍ത്തയിലേക്ക് വന്നത് അവിടെ കൌണ്‍സിലറായിരുന്ന കെ.വി.ശശികുമാർ പോക്സോ കേസില്‍ പെട്ടതോടെയാണ്. കെ.വി.ശശികുമാർ രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഐ എമ്മിലെ കെ എം വിജയലക്ഷ്മിയാണ് ഇവിടെ വിജയിച്ചത്.
യുഡിഎഫ് ,ബിജെപി, സ്വതന്ത്ര സ്ഥാനാർത്ഥി എന്നിവരെ പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി കോണ്‍ഗ്രസിലെ ജിതേഷ് ജിത്തുവിന് 375 വോട്ട് നേടി. ബി.ജെ.പി സ്ഥാനാർത്ഥി കാർത്തിക ചന്ദ്രന് 59 വോട്ടുകളും , സ്വതന്ത്ര സ്ഥാനാർത്ഥി വിജയലക്ഷ്മിക്ക് 45 വോട്ടുകളുമാണ് ലഭിച്ചത്. സിപിഐഎം വാര്‍ഡ് നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷത്തില്‍ കുറവ് വന്നിട്ടുണ്ട്.
മലപ്പുറത്തെ ഞെട്ടിച്ച സംഭവമായിരുന്നു അധ്യാപകൻ കെ വി ശശികുമാർ പോക്സോ കേസിൽ പ്രതിയായത്. ആറ് കേസുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീടും അറസ്റ്റിലാകുകയായിരുന്നു. പൂര്‍വവിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ് മലപ്പുറം വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2012-13 കാലയളവിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്.
പീഡന കേസിന്‍റെ അന്വേഷണത്തിൽ ആശങ്കയുണ്ടെന്നാണ് പൂർവ വിദ്യാർത്ഥിനികളുടെ കൂട്ടായ്മ ആശങ്ക അറിയിച്ചിരുന്നു. ശശികുമാറിനെതിരായ പരാതികൾ സ്കൂൾ അധികൃതർ മറച്ചുവെച്ചിരുന്നെന്നും ഇതിന്‍റെ തെളിവുകൾ പൊലീസിന് നൽകിയിരുന്നെന്നും പൂർവ വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ഈ കാര്യങ്ങളൊന്നും അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.
മലപ്പുറത്തെ മറ്റു ഫലങ്ങള്‍
മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷൻ യുഡിഎഫ് നിലനിർത്തി. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ മുസ്ലിം ലീഗ് നിലനിർത്തി. 2007 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി.ടി.അയ്യപ്പൻ വിജയിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ്-10, യുഡിഎഫ് -9 ബിജെപി-1; എൽഡിഎഫിന് നേരിയ മേൽക്കൈ