Asianet News MalayalamAsianet News Malayalam

ചുളു വിലയ്ക്ക് കന്നുകാലികളെ വിറ്റഴിക്കുന്നു; ഇത് വയനാട് ചൂരിമലക്കാരുടെ ഓഫറല്ല, അവർ നിര്‍ബന്ധിതരാകുന്ന ഗതികേട്

കിട്ടുന്ന പൈസക്ക് വളര്‍ത്തുമൃഗങ്ങളെ വിറ്റഴിക്കേണ്ടുന്ന ഗതികേടില്‍ നിന്ന് പരിഹാരമില്ലെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. 

Cows are sold at a pittance not an sale offer from Churimalama residence Big reason behind
Author
First Published Oct 10, 2024, 10:52 PM IST | Last Updated Oct 10, 2024, 10:52 PM IST

സുല്‍ത്താന്‍ ബത്തേരി: 'പകല്‍നേരങ്ങളില്‍ പോലും വീടിന് വെളിയില്‍ കുറച്ചധികം നേരം നിക്കാന്‍ പറ്റില്ല സാറെ... ആ എസ്റ്റേറ്റില്‍ നിന്ന് എപ്പോഴാ കടുവ ചാടിവരുന്നതെന്ന് അറിഞ്ഞൂടാ...!'- ഇതിനകം നാല് പശുക്കള്‍ കടുവ ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഷേര്‍ളി കൃഷ്ണന്റെ വാക്കുകളാണിത്. അതിരൂക്ഷമായ കടുവ ശല്യത്താല്‍ ബീനാച്ചി ചൂരിമലക്കുന്നിലെ ക്ഷീരകര്‍ഷകര്‍ അവരുടെ ഏക വരുമാനമാര്‍ഗ്ഗമായ പശുക്കളെ വിറ്റഴിക്കുകയാണിപ്പോള്‍. കിട്ടുന്ന പൈസക്ക് വളര്‍ത്തുമൃഗങ്ങളെ വിറ്റഴിക്കേണ്ടുന്ന ഗതികേടില്‍ നിന്ന് പരിഹാരമില്ലെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. 

വന്യമൃഗങ്ങള്‍ ആക്രമിക്കാതെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുകയെന്നത് കുറച്ചു വര്‍ഷങ്ങളായി ബാലികേറാമലയാണ്. ഇപ്പോള്‍ കിട്ടിയ വിലക്ക് വിറ്റാല്‍ വനംവകുപ്പ് നഷ്ടം തരുന്നതിനേക്കാളും ലഭിച്ചേക്കും. വന്യമൃഗങ്ങള്‍ ആക്രമിച്ചാല്‍ പിന്നെ നഷ്ടപരിഹാരം ലഭിക്കുന്നതൊക്കെ ഏറെ ബുദ്ധിമുട്ടുകൾക്ക് ശേഷമായിരിക്കും. 115 കര്‍ഷകരാണ് കൊളഗപ്പാറ ചൂരിമലക്കുന്നില്‍ താമസിക്കുന്നത്. ഇതില്‍ പകുതിയിലധികം കുടുംബങ്ങളും ക്ഷീരമേഖലയുമായി ബന്ധപ്പെട്ടാണ് കഴിയുന്നത്. 

ചുരുക്കം ആളുകള്‍ മാത്രമാണ് കൂലിപണിയുമായി പുറത്ത് പോയി ഉപജീവനം കണ്ടെത്തുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ മേഖലയില്‍ രൂക്ഷമായ കടുവ ശല്യമാണ്. ഈ കാലയളവിനുള്ളില്‍ 38 കന്നുകാലികളാണ് കടുവക്ക് ഇരയായത്. ഒന്നിലധികം പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകരും ഇവിടെയുണ്ട്. ഏറ്റവും കൂടുതല്‍ കന്നുകാലികളെ നഷ്ടമായത് ചെരിപുറത്ത് പറമ്പില്‍ ഷേര്‍ളി കൃഷ്ണനാണ്. ഇവരുടെ ഒരു പോത്തും നാല് പശുക്കളുമാണ് കടുവക്കിരയായത്. 
        
വാര്യമ്പത്ത് ഗോവിന്ദന്‍, കണ്ണാട്ടുകുടി രാജന്‍, വര്യമ്പത്ത് വിനീഷ്, തങ്കച്ചന്‍ ഓടനാട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ പശുക്കളെയാണ് ചൂരിമലയില്‍ നിന്ന് കടുവ പിടികൂടിയത്. സമീപത്തെ ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ് കടുവകളും മറ്റു വന്യമൃഗങ്ങളും ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നതെന്ന് ഇവര്‍ പറയുന്നു. പുലിപ്പേടിയില്‍ തുടങ്ങിയതാണ് ചൂരിമലയിലെ കര്‍ഷകരുടെ ദുരിതം. പുലിയുടെ ശല്യം കുറഞ്ഞതോടെ കുടവകളാണ് ഇവിടേക്ക് നിരന്തരം എത്തിക്കൊണ്ടിരിക്കുന്നത്. 

വന്യമൃഗശല്യം സഹിക്കവയ്യാതെ കൊക്കപ്പള്ളി അഭിലാഷ് എന്നയാള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് വടക വീടെടുത്ത് ചൂരിമല മേഖലയില്‍ നിന്ന് തന്നെ മാറിതാമസിക്കുകയായിരുന്നു. പതിവുപോലെ ബാങ്കുകളില്‍ നിന്ന് കടമെടുത്തും ചിട്ടി ചേര്‍ന്നുമൊക്കെയാണ് ക്ഷീരകര്‍ഷകര്‍ തങ്ങളുടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഒരു പശുവിന് ചുരുങ്ങിയത് ഒരു ലക്ഷം രുപ വരെ വില വരും. 

ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള അടിക്കാടുകള്‍ വില്ലന്‍

കടുവ ശല്യം ഇത്രയും രൂക്ഷമാകാന്‍ കാരണം വര്‍ഷങ്ങളായി വിളവെടുപ്പോ പരിചരണമോ ഇല്ലാതെ കിടക്കുന്ന ബീനാച്ചി എസ്‌റ്റേറ്റും അതിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ കുറ്റിക്കാടുകളുമാണ്. നാല് പശുവിനെയും ഒരു പോത്തിനെയുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഷേര്‍ളി കൃഷ്ണന് നഷ്ടമായത്. ബത്തേരിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി എട്ട് ലക്ഷത്തോളം രൂപയാണ് വളര്‍ത്തുമൃഗങ്ങള്‍ക്കായി വായ്പ എടുത്തിട്ടുള്ളത്. 

കടുവ ആക്രമണത്താല്‍ പശുക്കളോ മറ്റോ കൊല്ലപ്പെട്ടാല്‍ വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുന്നുണ്ടെങ്കിലും തുച്ഛമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എത്രലിറ്റര്‍ പാല്‍ തരുന്ന പശുവാണ് എന്ന കണക്ക് വെച്ചാണ് വനം വകുപ്പ് നഷ്ടപരിഹാര തുക നല്‍കുന്നത്. ഇത് അശാസ്ത്രീയമാണെന്ന പലതവണ കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമില്ലാത്തതാണ് ഉപജീവനമാര്‍ഗ്ഗങ്ങളായ വളര്‍ത്തുമൃഗങ്ങളെ കിട്ടിയ വിലക്ക് വില്‍പ്പന നടത്തുന്നതിലേക്ക് എത്തിക്കുന്നതെന്നും ഷേര്‍ളി കൃഷ്ണന്‍ സൂചിപ്പിച്ചു. 

നഷ്ടപരിഹാരം കൃത്യമായി നല്‍കുന്നു: വനംവകുപ്പ്

 വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചാല്‍ അര്‍ഹമായ നഷ്ട പരിഹാരം നല്‍കിവരുന്നതായി വനം വകുപ്പ് അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ വനംവകുപ്പിന് മാത്രം തീരുമാനം എടുക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios