കൊവിഡ് നെഗറ്റീവായിട്ടും കൊവിഡ് ചികിത്സ; പരാതിക്കാരിക്ക് 5,25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മറ്റൊരു ആശുപത്രിയിലെ പരിശോധനയിൽ കിഡ്‌നി സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തി. അതാണ് ഡോക്ടര്‍ കൊവിഡ് ലക്ഷണമായി കണക്കാക്കിയത്. കിഡ്‌നി രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത മരുന്നുകൾ നൽകിയെന്നും പരാതി.

Covid Treatment to woman despite being RTPCR test negative verdict to pay compensation of Rs 525000 to complainant

മലപ്പുറം: കൊവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് കൊവിഡ് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. കക്കാടംപൊയില്‍ സ്വദേശി സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 

2021 മെയ് 26ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ്  നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കൊവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും യുവതിയെ അറിയിച്ചില്ലെന്നാണ് പരാതി. അതിതീവ്ര പരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട പരാതിക്കാരിക്ക് ഭര്‍ത്താവുമായോ ശാരീരിക അവശതകള്‍ നേരിടുന്ന മകനുമായോ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. 

കൊവിഡ് സംശയിക്കുന്ന രോഗികളില്‍ നിന്ന് ഒറ്റമുറിയിലേക്ക് മാറ്റിത്തരണമെന്ന രോഗിയുടെ അപേക്ഷയും നിരസിക്കപ്പെട്ടു. മൂന്നാം ദിവസം ഭര്‍ത്താവിനെ കാണാന്‍ അവസരം ഉണ്ടായപ്പോഴാണ് കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയുടെയും ഡോക്ടറുടെയും ഉപദേശത്തിനെതിരെ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി മടങ്ങി. രണ്ടാഴ്ചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കിഡ്‌നി സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തിയത്. അതിന്റെ ലക്ഷണമാണ് ഡോക്ടര്‍ കൊവിഡ് ലക്ഷണമായി കണക്കാക്കിയതെന്നാണ് പരാതിക്കാരിയുടെ വാദം. കടുത്ത കൊവിഡ് രോഗബാധിതര്‍ക്ക് മാത്രം നല്‍കുന്നതും കിഡ്‌നി രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാന്‍ പാടില്ലാത്തതുമായ മരുന്നുകളാണ് നല്‍കിയതെന്നും അതിനാല്‍ കടുത്ത മാനസിക ആഘാതവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കേണ്ടിവന്നുവെന്നും ഹരജിക്കാരി കമ്മീഷനെ ബോധിപ്പിച്ചു.

കൊവിഡ് രോഗ ലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വാദിച്ചു കൊവിഡ് പരിശോധനാഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളയ്ക്ക് ശേഷം ആര്‍ ടി പി സി.ആര്‍ ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് ഡോക്ടറും ആശുപത്രിയും കമ്മീഷനെ ബോധിപ്പിച്ചു. രോഗവിവരം മറച്ചുവച്ചില്ലെന്നും ഭര്‍ത്താവിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു അവരുടെ വിശദീകരണം. 

ഡോക്ടറുടെ ഉപദേശത്തിനെതിരെ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങിപ്പോയി തുടര്‍ചികിത്സയ്ക്ക് കാലതാമസം വരുത്തിയതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും ഡോക്ടർ വാദിച്ചു. ആശുപത്രിയുടെയും ഡോക്ടറുടെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്നും രോഗിയുടെ നന്മയ്ക്കു വേണ്ടിയുള്ള മരുന്നുകള്‍ മാത്രമാണ് നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. പരാതിക്കാരിക്ക് നല്‍കിയ മരുന്നുകള്‍ മറ്റു രാജ്യങ്ങള്‍ നല്‍കുന്നുണ്ട്, അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനം പാലിച്ചു പോരുന്നുണ്ടെന്നും ഡോക്ടര്‍ വാദിച്ചു.

 എന്നാല്‍ നടത്തിയ ടെസ്റ്റുകളില്‍ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്ക് മാത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നല്‍കിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഡോക്ടറുടെ നടപടി കൊവിഡ് പ്രോട്ടോകോളിനും ധാർമികതയ്ക്കും എതിരാണ്.  രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാനുള്ള രോഗിയുടെ അവകാശം ആശുപത്രിയും ഡോക്ടറും നിഷേധിച്ചു. കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്. രോഗിയുടെ മേല്‍ പ്രയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ച മരുന്ന് പ്രയോഗിക്കുമ്പോള്‍ രോഗിയെ ബോധ്യപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ  ഡോക്ടര്‍ക്ക് കഴിഞ്ഞില്ലെന്നും കമ്മീഷൻ നിരൂക്ഷിച്ചു.

പരിശോധന ഫലം നെഗറ്റീവാണെന്ന വിവരം കിട്ടുമ്പോള്‍ രോഗിയുടെ മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന പോസിറ്റീവ് ഫലം പരിഗണിക്കാതെയുള്ള ചികിത്സ ന്യായീകരിക്കാനാവില്ല. ഇതുമൂലം രോഗിക്കുണ്ടായ ശാരീരികവും മാനസികവുമായ ആഘാതം നിര്‍ണയിക്കാനാവാത്തതും തെളിയിക്കപ്പെടേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ്  പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25000 രൂപയും നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചത്.

ഉഗ്രവിഷമുള്ള പാമ്പുകൾ നിറഞ്ഞ കാട്ടിൽ കുഞ്ഞിന് ജന്മം നൽകി, പേര് സുനാമി; പേടിച്ചരണ്ട 4 ദിനങ്ങളെ കുറിച്ച് അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios