വയനാട്ടില്‍ ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് കൊവിഡ്; തമിഴ്‌നാട്ടിൽ നിന്ന് രോഗം പിടിപ്പെട്ട ഡ്രൈവർക്ക് രോഗമുക്തി
ജില്ലയില്‍ കൊവിഡിന്റെ രണ്ടാംവരവില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രി വിട്ടു.
കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ച മൂന്ന് പേരും ഒരേ വീട്ടിലെ അംഗങ്ങള്‍. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ പുരുഷന്മാര്‍ക്കും 50കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞ 24 നാണ് ഇവര്‍ മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിലെത്തിയത്. അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ജില്ലയില്‍ കൊവിഡിന്റെ രണ്ടാംവരവില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നതിന് ശേഷമാണ് ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ ഉള്‍പ്പെടെ 15 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച 196 പേര്‍ പുതുതായി നിരീക്ഷണത്തിലായി. നിലവില്‍ 3807 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 328 ആളുകള്‍ ഉള്‍പ്പെടെ 1634 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 144 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലയില്‍ നിന്നും 1728 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1429 ഉം നെഗറ്റീവാണ്. ജില്ലയിലെ പത്ത് അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 1673 വാഹനങ്ങളിലായി എത്തിയ 2725 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തനായല്ല.
അതേസമയം, മാനന്തവാടി നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളും എടവക ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളും പനമരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും കണ്ടയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നൊഴിവാക്കിയതായി ജില്ല കളക്ടർ അറിയിച്ചു.