സർക്കാരിന് ഒന്നരലക്ഷത്തിന്റെ നഷ്ടം, പുത്തൻകുളം പുനർനിർമ്മാണത്തിലെ അഴിമതി, പ്രതികൾക്ക് തടവും പിഴയും
ഒന്നാം പ്രതി മുനിസിപ്പൽ എഞ്ചിനീയർ എസ് ശിവകുമാർ, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയർ എം കെ സുഭാഷ്, നാലാം പ്രതി കോൺട്രാക്ടർ കെ ഐ ചന്ദ്രൻ എന്നിവർക്കാണ് ശിക്ഷ
ചാലക്കുടി: ചാലക്കുടി മുനിസിപ്പാലിറ്റി ആറാം വാർഡിൽ വരുന്ന പുത്തൻകുളം പുനർനിർമ്മാണത്തിലെ അഴിമതിയിൽ പണി നടത്തിയ മുനിസിപ്പൽ എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, കോൺട്രാക്ടർ എന്നിവർ കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തി. പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം വീതം കഠിന തടവിനും 1,00,000 രൂപ വീതം പിഴയുമാണ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലെ ശിക്ഷ രണ്ടു വർഷം ഒന്നിച്ച് അനുഭവിച്ചാൽ മതി. മൂന്നാം പ്രതിയായ ഓവർസിയർ എ കെ ബഷീറിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി മുനിസിപ്പൽ എഞ്ചിനീയർ എസ് ശിവകുമാർ, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയർ എം കെ സുഭാഷ്, നാലാം പ്രതി കോൺട്രാക്ടർ കെ ഐ ചന്ദ്രൻ എന്നിവർക്കാണ് തൃശൂർ വിജിലൻസ് കോടതി ജഡ്ജ് ശ്രീ. ജി. അനിൽ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും.
2007-2008 വർഷത്തിലെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തി നടത്തിയത്. നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെയും, രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,32,146 രൂപയുടെ നഷ്ടം വരുത്തിഎന്നതായിരുന്നു കേസ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം