'ക്ലാസിലേക്ക് കയറാൻ 'മിന്നൽ മുരളി'യാകണോ ടീച്ചറേ', സ്‌കൂളിലെ കെട്ടിട നിർമാണം പൂർത്തിയായപ്പോൾ കോണിപ്പടിയില്ല
ക്ലാസിലേക്ക് എങ്ങനെ കയറും..? നോട്ടെഴുതാത്തതിനോ ഉഴപ്പിയിട്ടോ പുറത്താക്കിയിട്ടല്ല കയറാൻ മടി, കയറാൻ കോണിപ്പടി വേണ്ടേ.... ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ജിയുപി സ്‌ക്കൂളിലെ കെട്ടിട നിർമാണം പൂർത്തിയായപ്പോഴാണ് സംഭവം ബഹുരസമായത്.
കാളികാവ്: ക്ലാസിലേക്ക് എങ്ങനെ കയറും..? നോട്ടെഴുതാത്തതിനോ ഉഴപ്പിയിട്ടോ പുറത്താക്കിയിട്ടല്ല കയറാൻ മടി, കയറാൻ കോണിപ്പടി വേണ്ടേ.... ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ജിയുപി സ്‌ക്കൂളിലെ ( Maliekal GUP School) കെട്ടിട നിർമാണം പൂർത്തിയായപ്പോഴാണ് സംഭവം ബഹുരസമായത്. കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് കോണിപ്പടികളില്ല. കെട്ടിടം നിർമിച്ചതാകട്ടെ നാട്ടുകാർ സ്വരൂപിച്ച നാലു ലക്ഷവും പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ചെലവഴിച്ചിട്ട്.
പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിൽ നിർമ്മിച്ച രണ്ട് ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റാനാണ് കോണിയില്ലാത്തത്. സ്‌കൂളിൽ ക്ലാസ് മുറികളില്ലാത്തതിനാൽ നാട്ടുകാർ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ചാണ് നാല് ലക്ഷം രൂപ പഞ്ചായത്തിന് കൈമാറിയത്. അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും അടക്കം ഒമ്പത് ലക്ഷം രൂപ മുടക്കി രണ്ട് ക്ലാസ്സുമുറികർ പണി കഴിപ്പിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും ഇതിന്റെ ഉൾഭാഗം 'ആരും കണ്ടിട്ടില്ല'.
കോണിപ്പടിയില്ലാതെ എങ്ങനെ അകത്തുകയറും. നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരൻ പറയുന്നതാകട്ടെ എസ്റ്റിമേറ്റിൽ കോണിയില്ലെന്നാണ്. അതേസമയം എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയ പഞ്ചായത്ത് എഞ്ചിനീയർ എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നതെന്ന ബോധമില്ലാതെ പോയോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ക്ലാസ്സുമുറികൾ ഉപയോഗപ്പെടുത്തുന്നതിനുമായി വാർഡ് മെമ്പർ സി എച്ച് നാസർ എന്ന ബാപ്പു ഒരു വർഷമായി ഭരണ സമിതിയിൽ ആവശ്യങ്ങളുന്നയിച്ചുകൊണ്ടേ ഇരിക്കുകയാണ്. നാട്ടുകാരിൽ പലർക്കും കെട്ടിടം പണി പൂർത്തിയായ വിവരം അറിയില്ല. നാട്ടുകാർ വിയർപ്പൊഴുക്കി പിരിച്ചെടുത്ത തുകയടക്കം 9 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്.