സ്ഥിരം മോഷണം കോഴിക്കോട്ടെ കെഎസ്ആർടിസി സ്റ്റാൻഡിൽ ബാഗുമായി മുങ്ങും, പിടിയിൽ!
കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നയാൾ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് 12 -ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടർ ടിക്കറ്റും പണവും സൂക്ഷിച്ച ബാഗ് മോഷ്ടിച്ച് കടന്നതായിരുന്നു.
നടക്കാവ് സ്റ്റേഷനിൽ പരാതി തന്നതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷണം നടത്തിയ പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പൊലീസിനെ കമ്പളിപ്പിച്ച് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന പ്രതി നാട്ടിലെത്തിയ കാര്യം സൈബർ സെല്ലിൻ്റെ സഹായത്തോടെ മനസ്സിലാക്കിയ നടക്കാവ് ഇൻസ്പെക്ടർ അവിടെ വച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇയാൾ പലതവണ കെ എസ് ആർ ടി സി ബസിൽ നിന്നും കണ്ടക്ടറുടെയും യാത്രക്കാരുടെയും ബാഗുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. സബ് ഇൻസ്പെക്ടർമാരായ റാം മോഹൻ റോയ് എൻ എ, എസ് ഐ സജീവൻ കെ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ജുനൈസ് ടി, ബബിത്ത് കുറി മണ്ണിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.