'ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും'; സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാക, ട്രോളി സിപിഎം നേതാവ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്ക് കൊടികെട്ടാൻ ഏൽപിച്ച കരാറുകാരായ ഭായിമാർ ആലുവ പച്ചക്കറി മാർക്കറ്റിൽ സിഐടിയുവിന്‍റെ കൊടിമരത്തിൽ കോൺഗ്രസിന്‍റെ കൊടി കെട്ടിയെന്നും കെ എസ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

congress flag tied in citu flagpole cpim leader troll

കൊച്ചി: സിഐടിയുവിന്‍റെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്‍റെ കൊടി കെട്ടിയതിനെ ട്രോളി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍ കുമാര്‍. കൊടി കെട്ടാന്‍ ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് അരുണ്‍കുമാറിന്‍റെ പരിഹാസം. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്ക് കൊടികെട്ടാൻ ഏൽപിച്ച കരാറുകാരായ ഭായിമാർ ആലുവ പച്ചക്കറി മാർക്കറ്റിൽ സിഐടിയുവിന്‍റെ കൊടിമരത്തിൽ കോൺഗ്രസിന്‍റെ കൊടി കെട്ടിയെന്നും കെ എസ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ഇന്നാണ് എറണാകുളം ജില്ലയില്‍ പര്യടനം തുടങ്ങിയത്. ഇതിനിടെ ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തിയിരുന്നു. ഡി ജി പിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ മാത്രമാണ് യാത്രയെന്നും അദ്ദേഹം വിശദീകരിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ബദൽ  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ ചൂണ്ടികാട്ടി. വി വി ഐ പികൾക്കായി മണിക്കൂറുകൾ ഗതാഗതം തടയുന്ന നാടാണിതെന്നും കർഷക സമരകാലത്ത് ഒന്നര വർഷം ദില്ലി - ഹരിയാന അതിർത്തി റോഡ് അടച്ചിട്ടിരുന്നുവെന്നും കൊടിക്കുന്നിൽ ചൂണ്ടികാട്ടി. ജോഡോ യാത്ര ദേശീയ പ്രക്ഷോഭമാണെന്നും ജനങ്ങൾ യാത്രയുമായി സഹകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ ഹൈക്കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

ഭാരത് ജോഡോ യാത്ര കാരണം റോഡുകളിൽ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി, ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം ഗതാഗത സ്തംഭനമുണ്ടെന്നും റോഡ് പൂ‍ര്‍ണമായി ജോഡോ യാത്രക്കാര്‍ക്കായി വിട്ടു കൊടുക്കുന്ന അവസ്ഥയാണെന്നുമാണ് ഹര്‍ജിയിലെ പരാതി.

അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഉണ്ടാകില്ല, ​ഗെലോട്ടിനെ അറിയിക്കാൻ എഐസിസി

Latest Videos
Follow Us:
Download App:
  • android
  • ios