വന്ദേഭാരത് ട്രാക്കിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം, പയ്യന്നൂരിൽ ലോക്കോപൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം
പയ്യന്നൂർ സ്റ്റേഷനിലെ അറ്റകുറ്റ പണികളുടെ ഭാഗമായി എത്തിച്ച കോൺക്രീറ്റ് മിംക്സിംഗ് യന്ത്രം ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ അടുത്ത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഭവത്തിന് പിന്നിൽ
കണ്ണൂർ: സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് എത്തുന്ന വന്ദേഭാരതിന് മുന്നിൽ പാളത്തിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം. ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. ശനിയാഴ്ച പയ്യന്നൂർ സ്റ്റേഷനിലാണ് തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരതിന് മുന്നിലേക്ക് യന്ത്രഭാഗമെത്തിയത്.
ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് അമർത്ത് വന്ദേഭാരതിന്റെ വേഗത കുറച്ചതിനാലാണ് അപകടം ഒഴിവായത്. പയ്യന്നൂർ സ്റ്റേഷനിലെ അറ്റകുറ്റ പണികളുടെ ഭാഗമായി എത്തിച്ച കോൺക്രീറ്റ് മിംക്സിംഗ് യന്ത്രം ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ അടുത്ത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഭവത്തിന് പിന്നിൽ. ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരൻ അശ്രദ്ധമായി കോൺക്രീറ്റ് മിക്സിംഗ് യന്ത്രം പാളത്തിലേക്ക് എത്തിച്ചത്.
എമർജൻസി ബ്രേക്ക് അമർത്തിയതിനാൽ വന്ദേഭാരതിന്റെ വേഗം കുറയ്ക്കാനാവുകയും യന്ത്രഭാഗം കടന്നതിന് സെക്കന്റുകൾ പിന്നാലെ ട്രെയിൻ ഇതേ പാളത്തിലൂടെ കടന്ന് പോവുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വാഹനവുമായി എത്തിയ ജീവനക്കാരെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യന്ത്രവും ആർപിഎഫ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ റെയിൽവേയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
അമൃത് ഭാരത് പദ്ധതിയിലെ സ്റ്റേഷൻ നവീകരണ പ്രവർത്തനം പയ്യന്നൂരിൽ പുരോഗമിക്കുകയാണ്. കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. വാഹനമോടിച്ചയാൾക്കെതിരെ കേസ് എടുക്കുമെന്നാണ് റെയിൽവേ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം