ചേലോറയെന്നാല്‍ ഇനി മാലിന്യ കേന്ദ്രമല്ല, ഒന്നരക്കോടിയുടെ മോടിയോടെ രണ്ടര ഏക്കറിൽ പാര്‍ക്ക് ഒരുങ്ങി
രണ്ടര ഏക്കറിൽ കുട്ടികൾക്കായി ചേലോറയിൽ പാർക്കൊരുങ്ങി
കണ്ണൂര്‍: കണ്ണൂർ നഗരത്തിന്റെ മാലിന്യ കേന്ദ്രമെന്ന ചേലോറയുടെ പേര് മാറ്റാൻ കോർപ്പറേഷൻ. രണ്ടര ഏക്കറിൽ കുട്ടികൾക്കായി ചേലോറയിൽ പാർക്കൊരുങ്ങി. മാലിന്യങ്ങൾ തള്ളിയിരുന്ന ട്രഞ്ചിങ് ഗ്രൌണ്ടിനോട് ചേർന്നാണ് പാർക്ക്.
ചേലോറ എന്നാൽ ഇനി മാലിന്യമല്ല. അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് നെഹ്‌റു പാർക്ക് നിർമിച്ചത്. കുട്ടികൾക്കുള്ള കളിയുപകരണങ്ങളും ആംഫി തിയേറ്ററും സൈക്കിൾ പാത്തും സജ്ജമായി.
ആറു പതിറ്റാണ്ടിലേറെയായി മാലിന്യം തള്ളിയിരുന്ന സ്ഥലത്തിന് സമീപമാണ് പാർക്ക്. ട്രഞ്ചിങ് ഗ്രൌണ്ടിൽ ബയോ മൈനിങ് നടക്കുകയാണ്. പാർക്കിലെത്തുന്നവർക്ക് ദുർഗന്ധം ബുദ്ധിമുട്ടാകുമോ എന്ന ചോദ്യത്തിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ ടി ഒ മോഹനൻ നല്‍കിയ മറുപടിയിങ്ങനെ-
"60 വര്‍ഷമായി നിക്ഷേപിച്ച മുഴുവന്‍ മാലിന്യങ്ങളും തിരികെ എടുക്കുന്ന പ്രവൃത്തി 50 ശതമാനം പൂര്‍ത്തീകരിച്ചു. മഴ ആയതുകൊണ്ടാണ് നിലവില്‍ നിര്‍ത്തിവെച്ചത്. എത്രയും പെട്ടെന്ന് മുഴുവന്‍ മാലിന്യങ്ങളും നീക്കും". സമീപത്തെ ഗ്രൗണ്ട് നവീകരിച്ച് മിനി സ്റ്റേഡിയം നിർമിക്കാനും കോർപ്പറേഷന് പദ്ധതിയുണ്ട്.