'പുതുപ്പള്ളിയിൽ അര്‍ഹരായവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണം'; നിയമനടപടിയുമായി ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയതിനെതിരെയാണ് ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍രവി മുഖേന വക്കീല്‍നോട്ടീസ് അയച്ചത്.
2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ (ഇറോള്‍ അപ്‌ഡേഷന്‍) പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ വാദം. എന്നാല്‍ ആഗസ്റ്റ് പത്തിന് ശേഷം അപേക്ഷ സമര്‍പ്പിക്കപ്പെട്ട പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി കാണുന്നു.
ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അതേസമയം, പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. സ്വതന്ത്രനായി റെക്കാർഡുകൾക്ക് വേണ്ടി മൽസരിക്കുന്ന പദ്മരാജന്റെയും എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്.
Read more: രാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ സെപ്തംബർ 5 നാണ് ഉപതെരഞ്ഞെടുപ്പ്. നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്.ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അൽപ്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകൾ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർത്ഥി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം