മലപ്പുറത്ത് ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ ഇടഞ്ഞു; മൂന്ന് പേരെ കുടഞ്ഞ് താഴെയിട്ടു
ആന റോഡിലൂടെ പരക്കം പാഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി
മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനയിടഞ്ഞു. നേര്‍ച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാഴ്ച വരവിനിടയിലാണ് ആന ഇടഞ്ഞത്.ആനപ്പുറത്ത് നിന്നും വീണ് ഒരാള്‍ക്ക് നിസാര പരുക്കേറ്റു.
ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായ കാഴ്ച വരവിനിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് പുള്ളൂട്ട് കണ്ണന്‍ എന്ന ആനയിടഞ്ഞത്. ചിറവല്ലൂര്‍ സെന്‍ററില്‍ വെച്ചായിരുന്നു സംഭവം. പുറത്തുണ്ടായിരുന്ന മൂന്നു പേരെയും ആന കുടഞ്ഞു താഴെയിട്ടു.
ഈ വീഴ്ചയിലാണ് ആനപ്പുറത്തുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരുക്കേറ്റത്. മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. ആന റോഡിലൂടെ പരക്കം പാഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സമീപത്തെ പറമ്പിലേക്ക് ആന ഓടിക്കയറി. ഒരു മണിക്കൂറിന് ശേഷം ആനയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് സമീപത്തെ പറമ്പില്‍ തളച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം