വിദ്യാർത്ഥിനിയ്ക്ക് മുന്നിൽ ന​ഗ്നതാ പ്രദർശനം, ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

വ്യാജ നമ്പർ പ്ലേറ്റ് പതിച്ചാണ് പ്രതി വാഹനം ഉപയോഗിച്ചു കൊണ്ടിരുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായി.

Case of Nudity display in front of student accused arrested in Kayamkulam

ചാരുംമൂട്: നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചു വലിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഭരണിക്കാവ്  പള്ളിക്കൽ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീൺ പി (31) നൂറനാട് പൊലീസിന്റെ പിടിയിൽ. നവംബർ എട്ടാം തീയതി വൈകിട്ട് നൂറനാട് ഇടക്കുന്നത്തു വെച്ചായിരുന്നു സംഭവം. 

സ്കൂൾ വിട്ട് മഴയത്ത് വന്ന വിദ്യാർഥിനിയെ ഹെൽമെറ്റും റെയിന്‍ കോട്ടും ധരിച്ചു സ്കൂട്ടറിൽ വന്ന ഒരാൾ നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചു വലിച്ചു ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നൂറനാട് പൊലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനു വേണ്ടി ജില്ല പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രൻ ഐ.പി.എസിന്റെ  നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനു കുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടനടി സ്ഥലത്തെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പറ്റിയുള്ള സൂചനകൾ ലഭിച്ചില്ല. 

ഒരു ദിവസം പെൺകുട്ടിയും പിതാവും സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ വെച്ച് ഇയാൾ സ്കൂട്ടറില്‍ പോകുന്നത് കണ്ട് പിന്തുടർന്നെങ്കിലും  പെൺകുട്ടിയുടെ പിതാവ് വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റു. അന്നും ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആൾ ഉപയോഗിച്ചു വരുന്ന വാഹനത്തിൻ്റെ വിവരങ്ങൾ ലഭിച്ചു. എന്നാല്‍ ഈ വാഹനം വ്യാജ നമ്പർ പ്ലേറ്റ് പതിച്ചാണ് ഉപയോഗിച്ചു കൊണ്ടിരുന്നത് എന്നു വ്യക്തമായി. ഇതിനിടയിൽ ഇയാളുടെ ചില സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചത് പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. വീട്ടിൽ സ്ഥിരമായി താമസിക്കാത്ത ഇയാൾ പല സ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു കുറ്റകൃത്യങ്ങൾ നടത്തി വരികയാണെന്ന് ബോധ്യപ്പെട്ടു. ജില്ലയിൽ കായംകുളം,  കുറത്തികാട്,  നൂറനാട്,  അമ്പലപ്പുഴ,  മാവേലിക്കര എന്നീ സ്ഥലങ്ങളിൽ കഞ്ചാവ് വിപണനം, മോഷണം, കവര്‍ച്ച, അബ്കാരി ഇടപാടുകൾ തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്. ഇയാൾ 2024 ജൂലൈ മാസം അമ്പലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജില്ല ജയിലിൽ നിന്നും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.  

വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ശനിയാഴ്ച പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്കു മുകളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്താൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ സാഹസികമായി പൊലീസ് സംഘം കീഴടക്കുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന സ്കൂട്ടർ ചാലക്കുടിയിലെ ഒരു വീടിനു മുന്നിൽ നിന്നും മോഷ്ടിച്ചതാണെന്ന് ഇയാൾ പൊലീസിനോട്  വെളിപ്പെടുത്തി. നൂറനാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്.നിതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ്.ശരത്ത്, ആർ.രജീഷ്, കെ.കലേഷ്, മനു പ്രസന്നന്‍, പി. മനുകുമാര്‍, വി.ജയേഷ്, ബി.ഷമീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം ഇയാള്‍ ചെയ്ത മറ്റു കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

READ MORE:  തിരുവനന്തപുരത്തും കോട്ടയത്തും ലഹരി വേട്ട; രണ്ടിടങ്ങളിലായി പിടിച്ചത് രണ്ടര കിലോയിലധികം കഞ്ചാവ്

Latest Videos
Follow Us:
Download App:
  • android
  • ios