സ്വകാര്യ ബസിന്‍റെ അടിയിലെ ക്യാബിനിൽ ഒരു കാർഡ്ബോർഡ് ബോക്സ്; തുറന്നപ്പോൾ ഞെട്ടി എക്സൈസ്, വൻ മയക്കുമരുന്ന് വേട്ട
വാഹനത്തിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ്ബോർഡ് പെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു.
ഇടുക്കി: തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ എക്‌സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. പാഴ്സൽ സർവീസിൽ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും പിടികൂടി. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ് സർവീസിലെ പാഴ്സൽ സർവ്വീസ് വഴി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തത്.
വാഹനത്തിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർഡ്ബോർഡ് പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ലഹരി കടത്തിയ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട് . പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ, ജോണി കെ, ജിനോഷ് പി ആർ, ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, രാജീവൻ കെ വി, സനൂപ് കെ എസ്, ജെയ്മോൻ ഇ എസ് എന്നിവരും പങ്കെടുത്തു.