'നടുറോഡിൽ ഇത്തിരി ഏലക്ക', പിന്നാലെ അറിഞ്ഞത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് തട്ടിയ ലക്ഷങ്ങളുടെ ഏലക്കയുടെ കഥ!
നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഏലക്ക മോഷ്ടിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഏലക്ക മോഷ്ടിച്ചു. കുമളിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 200 കിലോ ഉണക്ക ഏലക്കയാണ് നഷ്ടമായത്. ഏകദേശം നാലേമുക്കാൽ ലക്ഷം രൂപ വില വരുന്നതാണിത് ഇന്നലെ രാത്രിയാണ് ഏലക്ക മോഷണം നടക്കുന്നത്.
ചെമ്മണ്ണാറിൽനിന്ന്, കുമളിയിലെ ലേല ഏജൻസിയിലേക്ക് ഏലക്കയുമായി പോവുകയായിരുന്നു ലോറി. നെടുങ്കണ്ടതിന് സമിപം ചേന്പളത്ത് കഴിഞ്ഞതോടെ അധികം തിരക്കില്ലാത്ത സ്ഥലത്ത് ഡ്രൈവർ കുമരേശ്വൻ അൽപ്പനേരം ലോറി നിർത്തിയിട്ടിരുന്നു. ഈ സമയം മോഷ്ടാവ് കയർ അറുത്ത് മാറ്റി നാല് ചാക്ക് ഏലക്കാ റോഡിലേക്ക് ഇടുകയായിരുന്നു. പിന്നാലെ വെള്ള കാറിലെത്തിയ സംഘം ഈ ചാക്കുകൾ എടുത്തുകൊണ്ട് പോയെന്നും കരുതുന്നു.
ചാക്ക് താഴേക്ക് ഇട്ടപ്പോൾ അതിലൊന്ന് പൊട്ടി ഏലക്കാ റോഡിൽ ചിതറിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സംഭവം ലോറി ഏജൻസിയിൽ അറിയിക്കുന്നത്. അപ്പോഴേക്കും ലോറി പാന്പാടുംപാറയിൽ എത്തിയിരുന്നു. നെടുംകണ്ടം പൊലീസ് അന്വേഷണം തുടങ്ങി. നെടുങ്കണ്ടം - കുമളി റോഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ് പൊലീസ്.
അതേസമയം, കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു കൊല്ലം ചടയമംഗലത്ത് പിടിയിലായി. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു. തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ ബാബു കഴിഞ്ഞ ദിവസം രാത്രിയാണ് പിടിയിലായത്. ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം